കാൽവിനിസം: ദൈവ വചന തെളിവുകൾ - Response to Johnson C. Philip - Part 6
Part 1, Part 2, Part 3, Part 4, Part 5
കാൽവിനിസം എന്ന ദൈവശാസ്ത്രത്തിന്റെ അഞ്ചു ആശയങ്ങൾ (Five
Points of Calvinism)
മാത്രമേ ഈ അധ്യായത്തിൽ വചനപ്രകാരം സ്ഥാപിക്കുന്നുള്ളു. എന്നാൽ, കാൽവിനിസം എന്ന ദൈവശാസ്ത്രം
എന്നത് ഈ അഞ്ചു ആശയങ്ങൾ മാത്രമാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈ അഞ്ചു ആശയങ്ങൾ
ക്രോഡീകരിക്കുവാനുള്ള ചരിത്ര പശ്ചാത്തലം ആദ്യമേ പറയട്ടെ. 1564-ലാണ് ജോൺ കാൽവിൻ മരിക്കുന്നതു.
എന്നാൽ, നവീകരണ കാലത്തു പഠിപ്പിച്ച ചില സത്യങ്ങളെ എതിർത്ത് യാക്കോബ് അർമീനിയസ്
(1560-1609) എന്ന വ്യക്തി രംഗത്തെത്തി. യാക്കോബ് അർമീനിയസിന്റെ ശിഷ്യന്മാർ 1610-ൽ, അഞ്ചു പ്രബന്ധങ്ങൾ
പ്രസിദ്ധീകരിച്ചു (Five Articles of Remonstrance). നമ്മുടെ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതാണ്
തിരഞ്ഞെടുപ്പെന്നും (Conditional Election), ആത്യന്തികമായി നരകത്തിൽ പോകുന്നവരുടെയും
പാപങ്ങൾക്കുവേണ്ടി യേശു ക്രിസ്തു പ്രതിപകര യാഗമായി എന്നും, രക്ഷ ഭദ്രമല്ലെന്നും അവർ
പഠിപ്പിച്ചു. ആ അഞ്ചു അർമീനിയൻ പ്രബന്ധങ്ങളെയും ഖണ്ഡിച്ചു 1618-1619-ലാണ് ഔദ്യോഗിക
കാൽവിനിസ്റ്റു മറുപടി പ്രസിദ്ധീകരിച്ചത് (The Canons of Dort). ആ മറുപടിയെയാണ് കാൽവിനിസത്തിന്റെ അഞ്ചു ആശയങ്ങൾ (Five Points of Calvinism)
എന്ന് വിളിക്കുന്നത്.
“കാൽവിനിസം” എന്ന് വിളിക്കപ്പെടുന്ന
ഉപദേശത്തിന്റെ
ഉപജ്ഞാതാവ് ജോൺ കാൽവിൻ
അല്ല എന്ന് ഈ അധ്യായത്തിൽ സ്ഥാപിക്കുന്നതാണ്. ദൈവ വചനത്തിന്റെ താളുകളിൽ നമുക്ക് ആ ഉപദേശം കാണുവാൻ
സാധിക്കും. “കാൽവിനിസവുമല്ല അർമീനിയനിസവുമല്ല വിശ്വസിക്കുന്നതെന്നു” ഒരു കാലത്തു പറഞ്ഞുനടന്നിരുന്ന
എഴുത്തുകാരനെ ഒരു “കാൽവിനിസ്റ്റു” ആക്കിയത് ദൈവവചന പഠനമാണ്. അല്ലാതെ ജോൺ കാൽവിന്റെ പുസ്തകങ്ങൾ അല്ല. ഡോ. ഫിലിപ്പിന് മറുപടി
എഴുതുവാൻ വേണ്ടിയാണ് ആദ്യമായിട്ട് ജോൺ കാൽവിന്റെ പുസ്തകം
(The
Institutes of the Christian Religion) വായിക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ, ജോൺ കാൽവിൻ
തീവ്രവാദി ആണെന്നും, കൊലയാളി ആണെന്നുമൊക്കെ പറഞ്ഞുനടന്നാൽ, ഉപദേശത്തിൽ സ്ഥിരത ഇല്ലാത്തവർ
ചഞ്ചലപ്പെടുമായിരിക്കും, എന്നാൽ, കാൽവിനിസ്റ്റുകൾ ഉപദേശം വിട്ടോടുമെന്നു ആരും കരുതേണ്ടതില്ല.
അതുകൊണ്ടു, ദൈവ വചനം എന്ത് പറയുന്നു എന്ന്
നമുക്ക് പരിശോധിക്കാം.
സമ്പൂർണ്ണ ധാർമ്മിക അധഃപതനം (Total Depravity)
മനുഷ്യർ എല്ലാവരും പാപത്തിൽ മരിച്ചവരാണ് (എഫെസ്യർ 2:1-5). പാപത്തിൽ മരിച്ചുകിടക്കുന്ന പാപികളാരും
സത്യദൈവത്തെ അന്വേഷിക്കുന്നില്ല. ദൈവത്തെ അന്വേഷിച്ചു ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള
കഴിവും ആത്മീയമായി മരിച്ചവർക്കു ഇല്ല എന്ന് ദൈവവചനം പറയുന്നു. റോമർ 3:11,12: “ഗ്രഹിക്കുന്നവൻ
ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.” ദൈവത്തെ അന്വേഷിക്കേണമെങ്കിൽ
ആദ്യം അവനെ സ്നേഹിക്കേണം. എന്നാൽ, പാപത്തിൽ മരിച്ചവർക്കു ദൈവത്തോട് ശത്രുതാ മനോഭാവം
ആണുള്ളത്. റോമർ 8:7: “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല,
കീഴ്പെടുവാൻ കഴിയുന്നതുമില്ല.” പാപികൾക്ക് സ്വയമേ ദൈവത്തെ പ്രസാധിപ്പിക്കുവാൻ കഴിയുകയില്ല എന്ന് ദൈവവചനം
പറയുന്നു. റോമർ 8:8: "ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല." വിശ്വസിക്കുക എന്നതും മാനസാന്തരപ്പെടുക
എന്നതും ദൈവത്തെ പ്രസാധിപ്പിക്കുന്ന ഒന്നാണ്. എന്നാൽ, അതും ചെയ്വാൻ മരിച്ചവർക്കു
സ്വയമേ കഴിവില്ല എന്നത് സ്പഷ്ടം. ദൈവാത്മാവിന്റെ ഉപദേശം പ്രാകൃത മനുഷ്യൻ
കൈക്കൊള്ളുന്നില്ല. അവനു അത് ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. 1 കൊരിന്ത്യർ 2:14: "എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി
വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ
കഴിയുന്നതുമല്ല."
ഇതാണ് സമ്പൂർണ്ണ ധാർമ്മിക അധഃപതനം എന്ന ദൈവ വചന ഉപദേശം. അങ്ങനെ
എങ്കിൽ, രക്ഷിക്കപ്പെടുവാൻ ആർക്കു സാധിക്കും എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതിന്റെ ഉത്തരം ഇതാണ്: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” (മത്തായി 19:26). ലോകസ്ഥാപനത്തിനു മുമ്പേ, ദൈവം, രക്ഷയ്ക്കായി തിരഞ്ഞെടുത്തവർക്കു ദൈവം തന്നെ, തക്കസമയത്തു, ദൈവത്തെ
അന്വേഷിക്കുവാനും, സുവിശേഷം ഗ്രഹിക്കുവാനും ഉള്ള കഴിവ് കൊടുക്കുന്നു. അവർക്കു ദൈവം
വിശ്വാസവും മാനസാന്തരവും ദാനമായി കൊടുക്കുന്നു (എഫെസ്യർ
2:8; 1 പത്രോസ് 1:4, 5; ഫിലിപ്പിയർ 1:27-29; 2 തെസ്സലൊനീക്യർ 1:3; അപ്പോസ്തല പ്രവർത്തികൾ
3:16; എബ്രായർ 12:2; റോമർ 12:3). അവർ അവരുടെ ഇച്ഛ ഉപയോഗിച്ച്, ആരുടേയും നിർബന്ധം കൂടാതെ, കർത്താവിൽ വിശ്വസിക്കുന്നു.
നിരുപാധികമായ തിരഞ്ഞെടുപ്പ്
(Unconditional Election)
പിതാവായ ദൈവം ലോകസ്ഥാപനത്തിന് മുമ്പേ,
തനിക്കു മനസ്സുള്ളവനെ, രക്ഷയ്ക്കായി തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പ് നടത്തിയത്, അവരിൽ
ദൈവം മുന്നമേ കണ്ട വിശ്വാസത്തിന്റെ
അടിസ്ഥാനത്തിൽ അല്ല, ഒരു
നന്മയുടെയും അടിസ്ഥാനത്തിലുമല്ല, ദൈവത്തിന്റെ സ്വതന്ത്ര ഇച്ഛ പ്രകാരമാണ്. അങ്ങനെ
ദൈവം സ്നേഹത്തിൽ തിരഞ്ഞെടുത്തവരെ നിത്യജീവനായി മുൻനിയമിക്കയും ചെയ്തു.
ലോകസ്ഥാപനത്തിന് മുമ്പേ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. നാം
സുവിശേഷം പറയുമ്പോൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ വിശ്വസിക്കുന്നു. എഫെസ്യർ 1:4: "നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു
മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും…."
നമ്മുടെ ഒരു പ്രവർത്തിയും, നന്മയും (വിശ്വാസവും) മുൻകണ്ടിട്ടല്ല ദൈവത്തിന്റെ തിരെഞ്ഞെടുപ്പ് എന്ന് ദൈവവചനം സ്പഷ്ടമായി
പറയുന്നു. റോമർ 9:11: "കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ
ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള
ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു." ദൈവത്തിനു
മനസ്സുള്ളവരോട് കരുണ തോന്നുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. റോമർ 9:15:
”“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം
എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും”എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു."
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും
ക്രിസ്തുവിൽ വിശ്വസിക്കുകതന്നെ ചെയ്യും. യോഹന്നാൻ 6:37: "പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും
തള്ളിക്കളകയില്ല." ക്രിസ്തുവിന്റെ അടുക്കൽ വരിക എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കുക
എന്നാണ് അർത്ഥമെന്നു 35-ആം വാക്യത്തിൽ പറയുന്നുണ്ട്. എന്നാൽ, പിതാവ് പുത്രന് കൊടുത്തവർ
മാത്രമേ പുത്രന്റെ
അടുക്കൽ വരികയുള്ളു എന്ന്
വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. 1 കൊരിന്ത്യർ 1:23, 24: “ ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ
പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ
യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും
ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.”
മത്തായി
11:25-27: “ആ സമയത്തു
തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു
ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു;
പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ
അറിയുന്നതുമില്ല.”
നിശ്ചിതമായ പ്രതിപകര-പ്രായശ്ചിത്ത യാഗം (Definite Atonement)
പിതാവ് ലോകസ്ഥാപനത്തിനുമുമ്പേ ആരെയൊക്കെ
തിരഞ്ഞെടുത്തുവോ, അവരുടെ പാപങ്ങൾക്കുവേണ്ടിയാണ് യേശുക്രിസ്തു ക്രൂശിൽ മരിച്ചത്. പിതാവ്
പുത്രന് കൊടുത്തവരെ ആത്മീയമരണത്തിൽനിന്നും വീണ്ടെടുക്കുവാൻ വേണ്ടിയാണ് യേശു ക്രിസ്തു
ക്രൂശിൽ മരിച്ചത്. അവർക്കു വേണ്ടി പുത്രൻ തന്നെത്തന്നെ പ്രായശ്ചിത യാഗമായി ഏൽപ്പിച്ചു
കൊടുത്തു.
യേശു ക്രിസ്തുവിന്റെ ക്രൂശു മരണത്തിന്റെ ഉദ്ദേശ്യം നിവൃത്തിക്കപ്പെടും. യെശയാവു 53:11:
"അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും." യേശു ആർക്കൊക്കെ വേണ്ടി മരിച്ചുവോ,
അവർ എല്ലാവരും രക്ഷിക്കപ്പെടും. യേശു ക്രിസ്തു തന്റെ പ്രയത്ന ഫലം കണ്ടു തൃപ്തനാകും. ഒന്ന്
പോലും നഷ്ടപ്പെടുകയില്ല.
യേശു ക്രിസ്തു ലോകത്തുള്ള എല്ലാവർക്കും
(നരകത്തിൽ പോകുന്നവർക്കും ഉൾപ്പെടെ) വേണ്ടി മരിച്ചു എന്ന് അർമീനിയൻ ചിന്താഗതിക്കാർ
പഠിപ്പിക്കുന്നു. യേശു ആർക്കൊക്കെ വേണ്ടി മരിച്ചുവോ, അവരിൽ ഒരു ചെറിയ ശതമാനം മാത്രമേ
രക്ഷിക്കപ്പെടുകയുള്ളു എന്ന് അർമീനിയൻ വീക്ഷണക്കാർ പഠിപ്പിക്കുന്നു. അങ്ങനെ എങ്കിൽ,
ക്രിസ്തു തന്റെ
പ്രയത്ന ഫലം കണ്ടു തൃപ്തനാകും
എന്ന് അവർക്കു പറയുവാൻ സാധിക്കുകയില്ല.
യേശു ക്രിസ്തു മരിച്ചത് (തന്നെത്താൻ
വിശുദ്ധീകരിച്ചതു) ആർക്കൊക്കെവേണ്ടിയാണെന്നു യോഹന്നാൻ വ്യക്തമായി പറയുന്നു. പിതാവ്
പുത്രന് കൊടുത്തവർക്ക് വേണ്ടി. അവർക്കു വേണ്ടിയാണ് യേശു അപേക്ഷിച്ചത്. അല്ലാതെ, തിരഞ്ഞെടുക്കപ്പെടാത്തവർക്കു
വേണ്ടിയല്ല എന്ന് 9-ആം വാക്യത്തിൽ വ്യക്തമായി പറയുന്നു. യോഹന്നാൻ 17:2, 9, 19: “നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും
അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ……..9ഞാൻ
അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു
വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ
ഞാൻ അപേക്ഷിക്കുന്നതു…… 19അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു
ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.”
നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവനെ കൊടുക്കുന്നു
എന്ന് ദൈവവചനം പഠിപ്പിക്കുന്നു. യോഹന്നാൻ 10: 11: "ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു."
എന്നാൽ, ചിലർ ക്രിസ്തുവിന്റെ ആടുകൾ അല്ല എന്ന് 26-ആം വാക്യത്തിൽ
പറയുന്നുണ്ട്. അതുകൊണ്ടു, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി മാത്രമല്ല, ആടുകൾ അല്ലാത്തവർക്കും
വേണ്ടി തന്റെ
ജീവനെ കൊടുക്കുന്നു എന്ന്
പറയുന്നത് യുക്തി ഇല്ലാത്തതാണ്. ആടുകൾക്ക്
വേണ്ടി മാത്രമല്ല, യോഹന്നാൻ 10:5, 8, 12-ൽ പറഞ്ഞിരിക്കുന്ന “ചെന്നായ്ക്കൾക്കും കള്ളന്മാർക്കും,
കവർച്ചക്കാർക്കും” വേണ്ടി യേശു (നല്ല ഇടയൻ) തന്നെത്താൻ ഏൽപ്പിച്ചു കൊടുത്തു എന്ന് അർമീനിയൻസ്
പഠിപ്പിക്കുന്നു. തെറ്റായ പഠിപ്പിക്കൽ ആണത്. അധർമ്മമൂർത്തിയുടെ പാപങ്ങൾക്ക് വേണ്ടിയും
യേശു മരിച്ചു എന്ന് പറയുന്നത് എത്രയോ ഭോശത്തരമാണ് എന്നോർക്കുക.
നിത്യനരകത്തിലേക്കു പോകുന്നവരുടെ പാപങ്ങൾക്കും
യേശുക്രിസ്തു പ്രതിപകര യാഗമായി (Substitutionary Atonement) എന്ന് അർമീനിയൻസ് പറയുകനിമിത്തം അവർ
ദൈവത്തെ അനീതി ഉള്ളവൻ ആക്കുന്നു. ഒരു പാപത്തിനു
രണ്ടു പ്രാവശ്യം ദൈവം ശിക്ഷ വിധിക്കുന്നു (double jeopardy) എന്നവർക്ക് പഠിപ്പിക്കേണ്ടി വരുന്നു.
ദുരുപദേശമാണത്.
തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ച പിതാവിന്റെ ഉദ്ദേശ്യം, ലോകസ്ഥാപനത്തിനു മുമ്പേ
താൻ തിരഞ്ഞെടുത്തവരുടെ രക്ഷയായിരുന്നു. പുത്രൻ അത് പൂർണ്ണമായി നിറവേറ്റുകയും ചെയ്തു.
എബ്രായർ
9:15: “അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ
പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.”
ഫലപ്രദമായ ദൈവ വിളി
(Irresistible Grace)
ലോകസ്ഥാപനത്തിനു മുമ്പേ, ദൈവം, രക്ഷയ്ക്കായി
തിരഞ്ഞെടുത്തവർക്കു ദൈവം തന്നെ, തക്കസമയത്തു, ദൈവത്തെ അന്വേഷിക്കുവാനും, സുവിശേഷം
ഗ്രഹിക്കുവാനും ഉള്ള കഴിവ് കൊടുക്കുന്നു. അവർക്കു ദൈവം വിശ്വാസവും മാനസാന്തരവും
ദാനമായി കൊടുക്കുന്നു. ഇതാണ്
ഫലപ്രദമായ ദൈവ വിളി (Effectual Calling).
സുവിശേഷം കേൾക്കുന്ന എല്ലാവർക്കും ഈ
വിളി ലഭിക്കുന്നില്ല. ലഭിച്ചിരുന്നുവെങ്കിൽ, എല്ലാവരും വിശ്വസിക്കുമായിരുന്നു. 1 കൊരിന്ത്യർ
1:23, 24: “ ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു
ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ
ക്രിസ്തുവിനെ തന്നേ.” വിളിക്കപ്പെട്ട ഏവർക്കും
സുവിശേഷം എന്നത് ദൈവശക്തിയാണ്. ഈ രീതിയിൽ ദൈവ വിളി കേട്ടവർ ക്രിസ്തുവിൽ വിശ്വസിച്ചിരിക്കും.
വിളിക്കപ്പെടാത്തവർ സുവിശേഷം ചെവികൊണ്ട് കേട്ടാലും, അവർക്കതു ഹൃദയം കൊണ്ട് ഗ്രഹിക്കുവാൻ
സാധിക്കുകയില്ല. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടവർ സുവിശേഷം കേൾക്കുമ്പോൾ, അവരുടെ ഹൃദയത്തിൽ
ദൈവതേജസ്സിന്റെ
പരിജ്ഞാനം വിളങ്ങിക്കുവാൻ
പിതാവിന് ഹിതമായി. അതുകൊണ്ടു, അവർ ക്രിസ്തുവിൽ വിശ്വസിക്കുന്നു. 2 കൊരിന്ത്യർ
4:6: “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം
എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു
ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.” “ഈ വിളിയെ” "ഇരുട്ടിൽ നിന്ന് വെളിച്ചം
പ്രകാശിക്കേണം" എന്ന ദൈവകല്പനയോടു അപ്പോസ്തലൻ സാമ്യപ്പെടുത്തുന്നു. “ഈ വിളി” ഒരു
കല്പനയാണ്. തിരഞ്ഞെടുക്കപ്പെട്ടവർ അത് അനുസരിച്ചിരിക്കും. അതുകൊണ്ടാണ് അതിനെ ഫലപ്രദമായ വിളി എന്ന് വിളിക്കുന്നത്. വെളിച്ചമുണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചപ്പോൾ അത്
അങ്ങനെ തന്നെ ഉണ്ടായി എന്ന് നാം വായിക്കുന്നുണ്ട്.
ഈ വിളി (ദൈവാത്മാവിന്റെ ആന്തരീക വിളി) ലഭിക്കുന്നത് മുൻനിയമിക്കപ്പെട്ടവർക്കു മാത്രമാണ്. റോമർ 8:30: “മുന്നിയമിച്ചവരെ
വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” ഈ വിളി കേട്ട എല്ലാവരും കർത്താവിൽ വിശ്വസിച്ചു നീതീകരിക്കപ്പെട്ടവർ
ആകും. അവർ തേജസ്കരിക്കപ്പെടുകയും ചെയ്യും. ഈ വിളി കേട്ട ആരും നശിച്ചുപോവുകയില്ല. അതുകൊണ്ടാണ് അതിനെ ഫലപ്രദമായ വിളി എന്ന് വിളിക്കുന്നത്.
രക്ഷയുടെ ഭദ്രത
(Perseverance of the Saints)
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവാത്മാവിന്റെ ആന്തരീക വിളി ലഭിച്ചവർ, അങ്ങനെ ക്രിസ്തുവിൽ
വിശ്വസിച്ചു നീതീകരിക്കപ്പെട്ടവർ, അവരുടെ ആത്മാവ് ദൈവത്താൽ സൂക്ഷിക്കപ്പെടുന്നു. ദുഷ്ടനു
അവരെ തൊടുവാൻ സാധിക്കുകയില്ല. അവരുടെ രക്ഷ ഭദ്രമാണ്.
ദൈവത്താൽ മുന്നറിയപ്പെട്ട എല്ലാവരും
തേജസ്കരിക്കപ്പെട്ടിരിക്കും. അതിൽ ഒന്ന് പോലും നശിക്കുകയില്ല. റോമർ 8:29-30:
"അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ
മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ
തേജസ്കരിച്ചുമിരിക്കുന്നു." ദൈവം
നമ്മെ തിരഞ്ഞെടുത്തത് നമ്മുടെ വിശ്വാസം മുന്നമേ കണ്ടിട്ടല്ല. ദൈവം നമ്മെ തിരഞ്ഞെടുത്തതുകൊണ്ട്
നാം ക്രിസ്തുവിൽ വിശ്വസിച്ചു. ആ പദ്ധതി തികയ്ക്കുവാനും ദൈവം ശക്തനാണ്.
ക്രിസ്തു ആർക്കൊക്കെ വേണ്ടി മരിച്ചുവോ,
അവരുടെ രക്ഷ ഭദ്രമാണ്. റോമർ 8:32: "സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും
വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?" നൽകാതിരിക്കുകയില്ല
എന്നാണ് ഉത്തരം. സ്വന്ത പുത്രനെ ആർക്കൊക്കെ വേണ്ടിയാണോ ഏൽപ്പിച്ചു കൊടുത്തത്, അവർക്കു
സകലവും പിതാവായ ദൈവം കൊടുത്തിരിക്കും. രക്ഷ നഷ്ടപ്പെടുമെങ്കിൽ ഈ വാക്യത്തിനു അർത്ഥം
ഇല്ലാതെ ആകും.
പിതാവിനേക്കാൾ വലിയവനായിട്ട് (ശക്തനായിട്ട്)
ഈ പ്രപഞ്ചത്തിൽ ആരുമില്ല. അത്കൊണ്ട് തന്റെ ആടുകളുടെ സുരക്ഷ സുനിശ്ചിതം ആണ്. നാം ക്രിസ്തുവിന്റെ കയ്യിൽ ആണ്. നാം പിതാവിന്റെ കയ്യിൽ ആണ്. യോഹന്നാൻ
10:27-29: "ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ
കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.”
ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ
ആർക്കും സാധിക്കുകയില്ല. റോമർ 8:38,39: "മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ
അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു
യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു."
അത് കൊണ്ട്, ദൈവത്താൽ വീണ്ടും ജനനം പ്രാപിച്ചവർ അവരുടെ അന്ത്യശ്വാസം വരെ, അവരെ
വീണ്ടെടുത്ത ദൈവത്തെ സ്നേഹിക്കുന്നവരായിരിക്കും. കാരണം, ദൈവം അവർക്കു ദാനമായി കൊടുത്ത
പുതിയ ഹൃദയം എന്നേക്കുമുള്ളതാണ്. കർത്താവിനെ ഉപേക്ഷിച്ചു പോകുവാൻ അവർക്കു തോന്നുകയേയില്ല.
സംഗ്രഹം
“കാൽവിനിസം” എന്ന് വിളിക്കപ്പെടുന്ന
ഉപദേശം ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ടു, അഭക്തന്മാരായ മനുഷ്യർ
ദൈവ വചനം അരുളിച്ചെയ്യുന്നതു വിശ്വസിക്കുന്നില്ല എങ്കിൽ സത്യം സത്യമല്ലാതെയാവുകയില്ല.
ഡോ. ജോൺസൺ സി. ഫിലിപ്പ് അംഗീകരിച്ചാലും ഇല്ലെങ്കിലും,
·
ലോകസ്ഥാപനത്തിനു
മുമ്പേ രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു.
·
തിരഞ്ഞെടുക്കപ്പെട്ടവരുടെ
പാപങ്ങൾക്ക് വേണ്ടി പ്രതിപകര യാഗമായി യേശു ക്രിസ്തു തന്നെത്താൻ കൊടുക്കുകയും ചെയ്തു.
നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ
നടന്ന കാര്യമാണ്. ആരൊക്കെയാണ് തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് നമുക്ക് അറിയുവാൻ സാധിക്കുകയില്ല.
നാം എല്ലാവരോടും സുവിശേഷം പറയേണം എന്നതാണ് ദൈവ കല്പന. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടവർ
എല്ലാവരും ക്രിസ്തുവിൽ വിശ്വസിക്കും.
“അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള
രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു
ഞാൻ അവർക്കായി സകലവും സഹിക്കുന്നു.” (2
തീമോത്തിയോസ് 2:10)
“ജാതികൾ ഇതു കേട്ടു സന്തോഷിച്ചു
ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി
നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.”
(അപ്പോസ്തല പ്രവർത്തികൾ 13:48).
തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും ക്രിസ്തുവിങ്കലേക്കു
വന്നതിനു ശേഷം കർത്താവായ യേശു ക്രിസ്തു രണ്ടാമത് പ്രത്യക്ഷനാകും. നമുക്കവന്റെ വരവിനെ കാത്തിരിക്കാം. ആമേൻ കർത്താവേ
വേഗം വരേണമേ.
Comments
Post a Comment