അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3

 



അനുബന്ധം

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി  യേശുക്രിസ്തു മരിച്ചുവോ?

യേശു ക്രിസ്തു ഭൂമിയിൽ ജീവിച്ച എല്ലാവരുടെയും (നരകത്തിൽ പോകുന്നവരുടെ ഉൾപ്പെടെ) പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് താൻ വ്യക്തമാക്കുന്നതായി ജോൺസൺ സി. ഫിലിപ്പ് പറയുകയുണ്ടായി (പേജ് 56, 57). അതിനു താൻ കാണിച്ച തെളിവ് വചനമാണ് യോഹന്നാൻ 3:16. എന്നാൽ, യോഹന്നാൻ 3:16-ൽ അങ്ങനെ ഒന്ന് പറയുന്നതായി എത്ര വായിച്ചിട്ടും എനിക്ക് കാണുവാൻ സാധിച്ചില്ല. യോഹന്നാനിൽ എന്ന് മാത്രമല്ല, വചനത്തിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല. ദൈവ വചനം എല്ലാ വായിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ആ ഒരു അഭിപ്രായത്തിൽ എത്തിച്ചേരുവാൻ കഴിയുകയില്ല എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. കർത്താവ് നൂറു ശതമാനം എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്ന് അസന്നിഗ്ദ്മായി പ്രസ്താവിക്കുന്ന ഒരു വാക്യം പോലും ബൈബിളിൽ ഇല്ല. എല്ലാം ശ്രീ. ജോൺസൻ സി. ഫിലിപ്പിന്‍റെ വ്യാഖ്യാനങ്ങൾ മാത്രം. യോഹന്നാൻ 3:16 നമുക്ക് പരിശോധിക്കാം.

യോഹന്നാൻ 3:16: “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”

ഇവിടെ പറഞ്ഞിരിക്കുന്ന ലോകമെന്നാൽ "നൂറു ശതമാനം എല്ലാവരുമാണ്" എന്നാണ് ജോൺസൺ സി. ഫിലിപ്പ് അനുമാനിച്ചിരിക്കുന്നതു. ലോകം എന്നാൽ "നൂറു ശതമാനം എല്ലാ മനുഷ്യരും" ആകണം എന്നില്ല എന്ന് തെളിയിച്ചുകഴിഞ്ഞാൽ ജോൺസൺ സി. ഫിലിപ്പിന്‍റെ വാദം പോളിയും. നമുക്ക് യോഹന്നാൻ 17:9 പരിശോധിക്കാം: “ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.” ഈ വാക്യത്തിൽ ലോകം എന്ന വാക്കുകൊണ്ട് “പിതാവ് പുത്രന് കൊടുക്കാത്തവർ എല്ലാവരും” എന്നാണു അർത്ഥമാക്കുന്നത്.  സന്ദർഭം നോക്കി അത് മനസ്സിലാക്കാം. അതുകൊണ്ടു, ലോകം എന്നാൽ നൂറു ശതമാനം എല്ലാ മനുഷ്യരും ആകേണം എന്നില്ല എന്ന് നാം ആദ്യം തന്നെ മനസ്സിലാക്കുക. 

“പിതാവ് പുത്രന് കൊടുക്കാത്തവർ എല്ലാവരും” എന്ന അർത്ഥത്തിൽ ലോകം എന്ന പദത്തെ ഉപയോഗിക്കാമെങ്കിൽ “പിതാവ് പുത്രന് കൊടുത്തവർ എല്ലാവരും” എന്ന അർത്ഥത്തിലും ലോകം എന്ന പദം ഉപയോഗിക്കാം. ആ അർത്ഥത്തിലാണ് യോഹന്നാൻ 3:16-ൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് അതിന്‍റെ സന്ദർഭം നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.    

പുത്രനിൽ വിശ്വസിക്കാത്ത ചിലരെ കുറിച്ചാണ് നാം വാക്യം 18-ൽ കാണുന്നത്. അവരുടെ ന്യായവിധി വന്നു കഴിഞ്ഞു എന്നാണു നാം വായിക്കുന്നത്. എന്നാൽ, ദൈവപുത്രൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനാണെന്നു വാക്യം 17-ൽ പറഞ്ഞിരിക്കുന്നു. ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ്: "പുത്രനെ നോക്കി രക്ഷിക്കപ്പെടുവാനുള്ളവരുടെ കൂട്ടത്തെയാണ്" ലോകം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആ ലോകത്തെ രക്ഷിക്കുവാനാണ് യേശു വന്നത്. എന്നാൽ, അവിശ്വാസികളായി മരിക്കുവാൻ ഉള്ളവരുടെ ന്യായവിധി ഉറപ്പാണ് (അത് വന്നു കഴിഞ്ഞു) എന്നും നാം വായിക്കുന്നു.

യോഹന്നാൻ 3:17, 18: “17ദൈവം തന്‍റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 18അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.”

അതുകൊണ്ടു, യോഹന്നാൻ 3:16-ലും ലോകം എന്നാൽ ഇതേ അർത്ഥത്തിലാണ് ( = വിശ്വസിക്കുവാനുള്ളവരുടെ ലോകം = പിതാവ് പുത്രന് കൊടുത്തവർ എല്ലാവരും) ഉപയോഗിച്ചിരിക്കുന്നത്.

യേശു ക്രിസ്തുവിന്‍റെ യാഗത്തെക്കുറിച്ചും പ്രായശ്ചിത്ത ബലിയുടെ ഉദ്ദേശ്യത്തെ കുറിച്ചും പഠിക്കുവാൻ ആഗ്രഹിക്കുന്നവർ, ഞാൻ തയ്യാറാക്കിയ ലേഖനം വായിക്കേണം എന്ന് അഭ്യർത്ഥിക്കുന്നു: Definite Substitutionary Atonement



പുസ്തകം മുഴുവൻ വായിക്കാം 👇:


Comments

Popular posts from this blog

നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9