നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9

 

നിരുപാധികമായ തിരഞ്ഞെടുപ്പ് എന്ന ഉപദേശത്തെ സ്ഥാപിക്കുന്ന വേദഭാഗങ്ങളെ തെറ്റായി വ്യാഖ്യാനിച്ച ജിനു നൈനാന്റെ ലേഖനത്തിനു ഒരു മറുപടി.

_____________________________________________________________

ജിനു നൈനാൻ: നിരുപാധികമായ തിരഞ്ഞെടുപ്പ് എന്നാൽ ലോട്ടറി എടുക്കുന്നത് പോലെയാണ്. ഒരു കൂട്ടം ചീട്ടിൽ നിന്നും ഒന്ന് നറുക്കെടുപ്പ് പോലെ.

 

മറുപടി: രക്ഷയ്ക്കുള്ള നിരുപാധികമായ തിരഞ്ഞെടുപ്പിനെ എതിർക്കുന്ന ജിനു നൈനാൻ യിസ്രായേലിനെ നിരുപാധികമായി തിരഞ്ഞെടുത്തു എന്ന് വിശ്വസിക്കുന്നുണ്ട് (പുസ്തകത്തിൽ ഉടനീളം പറയുന്നു). അങ്ങനെ എങ്കിൽ  ജിനു നൈനാന്റെ തന്നെ വിശ്വാസപ്രകാരം അതൊരു ലോട്ടറി എടുക്കുന്നതുപോലെ ആയിരുന്നു എന്ന് വരുന്നു. യഹോവയാം ദൈവം അബ്രാഹാമിനെ തിരഞ്ഞെടുത്തത് ഒരു ലോട്ടറി എടുക്കുന്നതുപോലെ ആയിരുന്നുവോ!? ആയിരുന്നു എന്ന് ജിനു  നൈനാന്റെ വാദപ്രകാരം പറയേണ്ടിവരും. ദൈവീക തിരഞ്ഞെടുപ്പിനെ പരിഹസിക്കുന്നതിനു തുല്യമാണത്.

 

ഇനി നമുക്ക് നിരുപാധികമായ തിരഞ്ഞെടുപ്പ് എന്താണ് എന്ന് നോക്കാം. നിരുപാധികം എന്നാൽ ഒന്നും ആലോചിക്കാതെ തോന്നുന്നതുപോലെ എടുത്ത ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്നല്ല അർത്ഥമാക്കുന്നത്. മനുഷ്യനിൽ ഉള്ള യാതൊന്നിന്റേയും അടിസ്ഥാനത്തിലല്ല ആ തിരഞ്ഞെടുപ്പ് എന്ന് മാത്രമേ അതിനർത്ഥമുള്ളു. പിന്നെ എന്തിലാണ് ആ തിരഞ്ഞെടുപ്പ് അടിസ്ഥാനപ്പെട്ടിരിക്കുന്നതു എന്ന് വായനക്കാർ ചോദിച്ചേക്കാം. അതിനു ദൈവ വചനം തന്നെ മറുപടിയും നൽകുന്നുണ്ട്:

 

“തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം” ആണ് ആ തിരഞ്ഞെടുപ്പ് (എഫെസ്യർ 1:11). ദൈവത്തിന്റെ സർവ്വജ്ഞാനത്തിലും സർവശക്തിയിലും അടിസ്ഥാനപ്പെട്ടതാണ് ആ തിരഞ്ഞെടുപ്പ്. തിരുഹിതത്തിന്റെ പ്രസാദപ്രകാരം ആണ് ആ തിരഞ്ഞെടുപ്പ് (എഫെസ്യർ 1:5).

 

അതൊരു ലോട്ടറി അടിപോലെ അല്ല. ചീട്ടുകളിയും അല്ല.

­­­­­­_____________________________________________________________

നിരുപാധികമായ തിരഞ്ഞെടുപ്പിനെക്കുറിച്ചു വിശദമായി ഞാൻ വിവരിച്ചിട്ടുള്ളതാണ്. (https://reformedbrethren.blogspot.com/2022/03/4.html) എന്നാൽ ജിനു നൈനാന്റെ ദുർവ്യാഖ്യാനങ്ങൾക്കു മറുപടി പറയുവാൻ ഞാൻ ഈ സന്ദർഭം ഉപയോഗിക്കുന്നു.

_____________________________________________________________

 

1 പത്രോസ് 1:2: "യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും.... പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്"

ജിനു നൈനാൻ: ഇവിടെ നിരുപാധിക തിരഞ്ഞെടുപ്പ് അല്ല ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം ഉള്ള തിരഞ്ഞെടുപ്പ് ആണ് പറയുന്നത്.

 

മറുപടി:

ദൈവത്തിന്റെ മുന്നറിവ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് വിശദമായി മനസ്സിലാക്കുവാൻ സഹോ. വി. ആർ. വർഗീസ് (Palakkad) എഴുതിയ ലേഖനം വായിച്ചാലും. (https://drive.google.com/file/d/14A0SRpNpzTw9XNRgyQb4c9jIVpoGddH4/view?usp=sharing )

ദൈവം ചിലരെ മുന്നറിഞ്ഞു എന്ന് പറഞ്ഞിരിക്കുന്നതിനെ ദൈവം ചിലർ വിശ്വസിക്കും എന്ന് മുന്നമേ കൂട്ടി അറിഞ്ഞു എന്നാക്കി ജിനു നൈനാൻ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അത് തെറ്റാണ്. കാരണം:

1.      ചിലരെ മുന്നറിഞ്ഞു എന്നതിനെ ചിലരെക്കുറിച്ചുള്ള കാര്യങ്ങൾ ദൈവം മുന്നമേ അറിഞ്ഞു എന്നാക്കി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. വ്യക്തികളെ (Persons) കുറിച്ച് അറിയുന്നതും, ചില വസ്തുതകൾ (Facts) അറിയുന്നതും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ.

2.      ദൈവം ചിലരെ മുന്നറിഞ്ഞു എന്നതിനെ അവർ വിശ്വസിക്കും എന്ന് മുന്നമേ അറിഞ്ഞു എന്നാക്കി വ്യാഖ്യാനിക്കുവാൻ എന്താണ് കാരണം? അങ്ങനെ വ്യാഖ്യാനിക്കുകയാണെങ്കിൽ  നമുക്ക് എന്തും സ്ഥാപിച്ചുകൂടെ! ഒരുവൻ അവസാനം വരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കും എന്ന് മുന്നമേ കണ്ടു ദൈവം ഒരുവനെ തിരഞ്ഞെടുത്തു എന്ന് വ്യാഖ്യാനിച്ചുകൂടെ! ഒരുവൻ സ്നാനപ്പെടുമെന്നു ദൈവത്തിനു മുന്നമേ അറിയാവുന്നതുകൊണ്ടാണ് ഒരുവനെ തിരഞ്ഞെടുത്തതെന്ന് വാദിച്ചുകൂടെ! എന്നാൽ ഇത് മാത്രമല്ലല്ലോ ദൈവത്തിനു മുന്നമേ അറിയാവുന്നതു: ഒരുവന്റെ ജനനം മുതൽ നിത്യത വരെയുള്ള എല്ലാം ദൈവം മുന്നമേ അറിയുന്നുണ്ട്. അതിനെയെല്ലാം നമുക്ക് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം ആക്കുവാൻ സാധിക്കുമോ? അങ്ങനെ ആരും മുതിരുകയില്ല എന്ന് ഞാൻ ആശിക്കുന്നു. എന്നാൽ അതിൽനിന്നും വിശ്വാസം മാത്രം എടുത്തിട്ട് അതാണ് തിരഞ്ഞെടുപ്പിന് അടിസ്ഥാനം എന്ന് പറയുന്നത് സ്ഥിരതയില്ലാത്ത വ്യാഖ്യാനമാണ്.

3.      മാത്രമല്ല, രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുവാൻ ചില വ്യവസ്ഥകൾ ഉണ്ടെന്നു ദൈവവചനം ഒരിടത്തുപോലും പറയുന്നില്ല. ജിനു നൈനാന് അത് കാണിക്കുവാനും സാധിച്ചില്ല. നീതീകരിക്കപ്പെടുവാൻ വ്യവസ്ഥ ഉണ്ട് എന്ന് ദൈവവചനം പറയുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെടുവാൻ മനുഷ്യർ അനുഷ്ഠിക്കേണ്ട ഒരു വ്യവസ്ഥപോലും ദൈവവചനം പറയുന്നില്ല.

4.      ക്രിസ്തുവിനെ കുറിച്ചും ഇതേ പ്രയോഗം നാം കാണുന്നുണ്ട്. 1 പത്രോസ് 1:20: "അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു." ക്രിസ്തുവിനെ കുറിച്ചുള്ള എന്തെങ്കിലും ഒരു സത്യം പിതാവ് അറിഞ്ഞിരുന്നു എന്നല്ല അതിന്‍റെ അർഥം. പിതാവിന് എല്ലാം അറിയാം. എന്നാൽ പിതാവ് ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നാണു ഇതിന്‍റെ അർഥം.

KJV: “Who verily was foreordained before the foundation of the world, but was manifest in these last times for you.” {God the Father knows everything beforehand, even the acts of Satan. But that is not the sense in which the word “foreknown” is used here. He “knows” His Son in a personal relational way. Christ was foreknown by God the Father.}

 

_____________________________________________________________

 

എഫെസ്യർ 1:4: "ദൈവം നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു"

 

ജിനു നൈനാൻ: ഞങ്ങൾ പുസ്തകത്തിൽ പറയുന്നത് പോലെ ദൈവം നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നതാണ് ഇവിടെയും പറയുന്നത്. ഇവിടെയും വിശ്വാസം കൂടാതെയുള്ള നിരുപാധികമായ തിരഞ്ഞെടുപ്പ് പറയുന്നില്ല.

 

മറുപടി: ജിനു നൈനാന്റെ പുസ്തകത്തെ നമുക്ക് തൽക്കാലം നീക്കിവയ്ക്കാം. പൗലോസ് അപ്പോസ്തലൻ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം.

 

രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ് നടന്നത് ലോകസ്ഥാപനത്തിനു മുമ്പെയാണ് എന്ന് പൗലോസ് പറയുവാൻ ഉള്ള കാരണം എന്താണ്?

 

നമ്മുടെ നീതീകരണം ലോകസ്ഥാപനത്തിനു മുമ്പെയാണ് എന്ന് ദൈവവചനത്തിൽ നാം കാണുകയില്ല. കാരണം പാപിയായ ഒരുവൻ നീതീകരിക്കപ്പെടുവാൻ അനുഷ്ഠിക്കേണ്ട ഒരു വ്യവസ്ഥ ഉണ്ട് (വിശ്വാസം ആണ് ആ വ്യവസ്ഥ). ലോകസ്ഥാപനത്തിനു മുമ്പേ അത് അനുഷ്ഠിക്കുവാൻ മനുഷ്യർക്ക് കഴിയുകയില്ലല്ലോ. എന്നാൽ ലോകസ്ഥാപനത്തിനു മുമ്പേ ദൈവം ചിലരെ തിരഞ്ഞെടുത്തു എന്ന് വചനം പറയുന്നു. അതിന്റെയർത്ഥം, മനുഷ്യനിൽ ഉള്ള യാതൊന്നിന്റേയും അടിസ്ഥാനത്തിലല്ല ആ തിരഞ്ഞെടുപ്പ് എന്നുള്ളതാണ്. ഇതിനെക്കാളും വ്യക്തമായി പൗലോസിന് അത് എങ്ങനെ സ്ഥാപിക്കുവാൻ കഴിയും എന്ന് ചിന്തിക്കുക.

_____________________________________________________________

 

യോഹന്നാൻ 6:37: “പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല”

 

ജിനു നൈനാൻ: യേശുവിനെ തള്ളിക്കളയുന്ന യഹൂദരോട്  യേശുക്രിസ്തുവിന്റെ അടുക്കൽ വിശ്വാസത്തോടെ വരുന്നവനെ കർത്താവ് കർത്താവ് ഒരിക്കലും തള്ളിക്കളയുകയില്ല എന്നും അവരെ പിതാവ് തന്നതാണ് എന്നുമാണ് ഇവിടെയും പറയുന്നത്.

 

മറുപടി: തന്ത്രപ്പൂർവ്വം വചനത്തെ കോട്ടിക്കളയുകയാണ് ജിനു നൈനാൻ ചെയ്തിരിക്കുന്നത്. ആരാണ് തന്റെ അടുക്കൽ വരിക എന്ന് യേശു സ്പഷ്ടമായി പറയുകയാണ്.

 

ചിലർ കർത്താവിന്റെ അടുക്കൽ വരുന്നില്ല (അതായത് വിശ്വസിക്കുന്നില്ല) എന്ന് കർത്താവ് പറഞ്ഞതിന് ശേഷം (യോഹന്നാൻ 6:36), ആരൊക്കെയാണ് കർത്താവിന്റെ അടുക്കൽ വരിക (അതായത് വിശ്വസിക്കുക) എന്ന് കർത്താവ് തന്നെ പറയുന്നു: "പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും."

എന്തുകൊണ്ട് ചിലർ യേശുവിൽ വിശ്വസിച്ചില്ല: പിതാവ് അവരെ പുത്രന് കൊടുത്തിട്ടില്ല എന്നതുകൊണ്ട് തന്നെ. എന്തുകൊണ്ട് ചിലർ യേശുവിൽ വിശ്വസിക്കുന്നു: പിതാവ് അവരെ പുത്രന് കൊടുത്തതുകൊണ്ടു.

യോഹന്നാൻ 6:36: “ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു.”

_____________________________________________________________

 

അപ്പോസ്തല പ്രവർത്തികൾ 13:48: “ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.”

 

ജിനു നൈനാൻ: യഥാർത്ഥത്തിൽ ആ വാക്യത്തിന്റെ സന്ദർഭവും, തൊട്ടു മുകളിലെ വാക്യങ്ങളും വായിക്കാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണ മാത്രമാണ് അത്. അതിനാൽ ആ വാക്യങ്ങൾ കൊടുക്കുന്നു. (പ്രവർത്തികൾ 13:45-47). അങ്ങനെ ദൈവവചനത്തെ സന്തോഷത്തോടെ  സ്വീകരിച്ചവരെ  ആണ് ഇവിടെ നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്ന് പറയുന്നത്, അതിനെ തള്ളിക്കഞ്ഞവർ നിത്യജീവന് അയോഗ്യരും.

 

മറുപടി: ആ വാക്യത്തിന്റെ സന്ദർഭം നോക്കിയാൽ തിരഞ്ഞെടുപ്പ് നിരുപാധികമല്ല എന്ന് മനസ്സിലാകും എന്നാണു ജിനു നൈനാൻ വാദിക്കുന്നത്.

 

പ്രവർത്തികൾ 13:46: “….എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ”

 

ഈ വാക്യം എങ്ങനെയാണ് നിരുപാധികമായ തിരഞ്ഞെടുപ്പിനെ ഖണ്ഡിക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മനുഷ്യർ നിത്യജീവന് അയോഗ്യരാണ് എന്നാണു മനുഷ്യർ ചെയ്യുന്ന ഓരോ പാപവും തെളിയിക്കുന്നത്. അതാണ് 46 ആം വാക്യത്തിൽ നാം വായിച്ചത്. അത് പൂർണ്ണമായും സത്യവുമാണ്. അതുകൊണ്ടു തന്നെയാണ് ദൈവം ചിലരെ മാത്രം തിരഞ്ഞെടുക്കുന്നത് അനീതി അല്ലാതെ ആകുന്നതും.

 

എന്നാൽ ഇവിടെയും 48-ആം വാക്യത്തെ ജിനു നൈനാൻ ദുർവ്യാഖ്യാനിക്കുന്നു.   “നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു” എന്ന് പറഞ്ഞതിനെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുൻനിയമിച്ചു എന്നാക്കി ജിനു നൈനാൻ വ്യാഖ്യാനിക്കുന്നു. തെറ്റാണത്.

Comments

Popular posts from this blog

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3