കാൽവിനിസം - അവതാരിക - Response to Johnson C. Philip - Part 1

 



ഡോ. ജോൺസൺ സി. ഫിലിപ്പും, ഡോ. സനീഷ് ചെറിയാനും, ഡോ സണ്ണി എഴുമറ്റൂരും   എഴുതിയ "നവീന കാൽവിനിസം എന്താണ് കുഴപ്പം" എന്ന പുസ്തകത്തിന് മറുപടി എന്നോണമാണ് ഞാൻ ഈ കൃതി എഴുതുന്നത്. കാൽവിനിസം എന്ന ഉപദേശത്തെ തെറ്റായി അവതരിപ്പിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. കാൽവിനിസത്തിന്‍റെ ഉപജ്ഞാതാവ് കാൽവിൻ ആണെന്ന് തെറ്റായി അനുമാനിച്ചതിനു ശേഷം, കാൽവിൻ ഒരു “തീവ്രവാദിയായ ദുരുപദേഷടാവ്” ആണെന്ന് തെളിയിക്കുവാനാണ് അവർ ശ്രമിച്ചിരിക്കുന്നത്. “കാൽവിൻ” ശരിയല്ലാത്തതുകൊണ്ടു കാൽവിനിസവും ശരിയല്ല എന്ന് വരുത്തിത്തീർക്കാനാണ് അവർ വൃഥാ ശ്രമിച്ചത്. എന്നാൽ, “കാൽവിനിസം” എന്ന് അറിയപ്പെടുന്ന ഉപദേശത്തിന്‍റെ ഉപജ്ഞാതാവ് കാൽവിൻ അല്ലാത്തതുകൊണ്ട്, അവരുടെ മുഴുവൻ ശ്രമവും വിഫലമാണ്.

കാൽവിനും കാൽവിനിസവും

കാൽവിനാണ് കാൽവിനിസത്തിന്‍റെ പിതാവ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ, അത് വസ്തുതാ വിരുദ്ധമാണ്. "മുൻനിയമനത്തെ" കുറിച്ച് ലൂതറും അഗസ്റ്റിനും പഠിപ്പിക്കാത്ത യാതൊന്നും കാൽവിൻ പുതിയതായി പഠിപ്പിച്ചിട്ടില്ല. മുൻനിയമനത്തെ കുറിച്ച് കാൽവിൻ തന്‍റെ പുസ്തകത്തിൽ (The Institutes) എഴുതിയതിനെക്കാളും കൂടുതൽ ലൂതർ എഴുതിയിട്ടുണ്ട്. അതുകൊണ്ടു, കാൽവിൻ ശരിയല്ലാത്തതുകൊണ്ടു “കാൽവിനിസം” എന്നറിയപ്പെടുന്ന ഉപദേശം തെറ്റാണ് എന്ന ഡോ. ജോൺസൺ സി. ഫിലിപ്പിന്‍റെ വാദം ചീട്ടുകൊട്ടാരം പോലെ തകർന്നുപോയിരിക്കുന്നു.

കാൽവിനിസം പഠിപ്പിച്ച വേദപണ്ഡിതന്മാരും സുവിശേഷകന്മാരും

അഗസ്റ്റിൻ , തോമസ് അക്വിനാസ് , മാർട്ടിൻ ലൂതർ, ജോൺ കാൽവിൻ, ജോൺ വിക്ലിഫ്, വില്യം ടിണ്ടെയിൽ, ജോൺ നോക്‌സ്, തിയോഡോർ ബിസ, ജോനാഥൻ  എഡ്‌വേഡ്സ്, ജെ. എൻ.  ഡാർബി, ബി. ഡബ്ള്യു. ന്യൂട്ടൺ,        ഹാൻഡ്‌ലി  ബേർഡ്, ആന്‍റണി നോറിസ് ഗ്രോവ്സ്, ജോർജ് മുള്ളർ, വില്യം  കേറി, ചാൾസ് ഹെൻറി മാക്കിന്റോഷ്, വില്യം വിൽബെർഫോഴ്സ്‌, മാത്യു ഹെന്രി , ജെ. സി. റയിൽ, ഐസക്ക് വാട്ട്സ്, ജോൺ ഫോക്സ്, ജോൺ ബന്യൻ, ജോൺ എലിയട്ട് , ചാൾസ് സ്പർജൻ, അഡോനിറം  ജൂഡ്‌സൺ, ജോർജ്  വൈറ്റ്ഫീൽഡ്, ജോൺ ന്യൂട്ടൺ, ജോൺ അവെൻ, എ. ഡബ്ള്യു. പിങ്ക്, ചാൾസ് ഹോഡ്ജ്, ജോൺ ഗില്, എബ്രഹാം കുയ്പ്പർ,  ബി. ബി. വാർഫീൽഡ്, മാർട്ടിൻ ലോയ്ഡ്-ജോൺസ്‌, ജെയിംസ് മോണ്ട്ഗോമറി ബോയ്‌സ്, ജെ. ഐ. പാക്കർ,  ജോൺ സ്റ്റോട്ട്, ആർ. സി. സ്പ്രൗൾ, ജോൺ പൈപ്പർ, ജോൺ മക്കാർതർ, സ്റ്റീവൻ ലോസൺ, തിമോത്തി ജെ. കെല്ലർ, വെയ്ൻ ഗ്രുടം മുതലായ പലരും ഈ ഉപദേശമാണ് പഠിപ്പിച്ചത്.

പുസ്തകത്തിന്‍റെ ഘടന

വായനക്കാരുടെ സൗകര്യത്തിനു വേണ്ടി ഈ പുസ്തകത്തിന്‍റെ ഘടന ആദ്യമേ രേഖപ്പെടുത്തട്ടെ:

അദ്ധ്യായം 1: ബ്രദറൺ സമൂഹത്തിലെ ആദ്യ കാല ദൈവഭക്തന്മാർ എല്ലാവരും കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു എന്ന് തെളിവോടുകൂടി സ്ഥാപിക്കുന്നു.

അദ്ധ്യായം 2: 1960-കളിലാണ് കാൽവിനിസം ഇന്ത്യൻ സമൂഹത്തിലേക്കു നുഴഞ്ഞുകയറിയതെന്ന ഡോ. ഫിലിപ്പിന്‍റെ പ്രസ്താവ പച്ച കള്ളമാണ് എന്ന് തെളിവ് സഹിതം തെളിയിക്കുന്നു. ആദിമ കാല സുവിശേഷകന്മാർ കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു എന്നും, ഡോ. ഫിലിപ്പിനെ പോലുള്ളവരാണ് പിന്നീട് നുഴഞ്ഞുകയറിയതെന്നും തെളിവുകൾ നിരത്തി സ്ഥാപിക്കുന്നതാണ്.

അദ്ധ്യായം 3: ദൈവവചനം പഠിപ്പിക്കുന്നത് "കാൽവിനിസം" എന്ന് നാം പേരുവിളിക്കുന്ന ഉപദേശമാണെന്നു സംശയലേശമെന്യേ തെളിയിക്കുന്നു.

അതുകഴിഞ്ഞു, രണ്ടു അനുബന്ധങ്ങളിലായി ജോൺ കാൽവിനെ കുറിച്ചുള്ള ഡോ. ഫിലിപ്പിന്‍റെ തെറ്റായ പ്രചാരണങ്ങൾ ഓരോന്നായി പരിശോധിക്കുന്നതാണ്.


Part 2

Book PDF Link: 

https://drive.google.com/file/d/1rzHyYamVOM7sBOJHqOhjjIp3XIAVtaTx/view?usp=sharing

Comments

Popular posts from this blog

നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3