കാൽവിനിസവും കേരള ബ്രദറൺ സമൂഹവും - Response to Johnson C. Philip - Part 3
‘ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ
ഇന്ത്യയിലെ ബ്രദറൺ സഭകളിൽ നുഴഞ്ഞുകയറിയ ഉപദേശമാണ് കാൽവിനിസം’ എന്നാണു ജോൺസൻ സി. ഫിലിപ്പ്
പറഞ്ഞിരിക്കുന്നത്. വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ്
അത്. ആന്റണി
നോറിസ് ഗ്രോവ്സ് (Anthony Norris Groves) എന്ന ദൈവദാസനാണ് ബ്രദറൺ പ്രസ്ഥാനത്തെ ഇന്ത്യയിലേക്ക്
അവതരിപ്പിച്ചത് (1833). അദ്ദേഹം ഒരു കാൽവിനിസ്റ്റ് ആയിരുന്നു എന്ന് കഴിഞ്ഞ അധ്യായത്തിൽ
തെളിയിച്ചു കഴിഞ്ഞതാണ്. മാത്രമല്ല, ഹാൻഡ്ലി ബേർഡും (Handley Bird) കെ. വി. സൈമൺ സാറുമൊക്കെ
കാൽവിനിസ്റ്റു ഉപദേശമാണ് പഠിപ്പിച്ചത് (ഈ അധ്യായത്തിൽ തെളിയിക്കുന്നതാണ്). അതാണ് വാസ്തവം
എന്നിരിക്കെ, 1960-കളിലാണ് കാൽവിനിസം ഇന്ത്യയിലേക്ക് വന്നതെന്ന് ജോൺസൻ സി. ഫിലിപ്പിന്
എങ്ങനെ പറയുവാൻ സാധിച്ചു! കേൾക്കുന്നത് മുഴുവൻ വിശ്വസിക്കുന്നവരാണ് ബ്രദറൺ യുവാക്കൾ
എന്ന് ഡോ. ഫിലിപ്പ് തെറ്റിദ്ധരിച്ചു എന്ന് ഞാൻ ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
ഹാൻഡ്ലി ബേർഡും കാൽവിനിസവും
മുൻനിയമനത്തെക്കുറിച്ചു ഹാൻഡ്ലി ബേർഡ് എന്താണ് മനസ്സിലാക്കിയിരുന്നതും പഠിപ്പിച്ചിരിന്നതും എന്നറിയുവാൻ കെ. വി. സൈമൺ സാറെഴുതിയ "വേർപാട് സഭകളുടെ ചരിത്രം"[1] അദ്ധ്യായം 18 വായിക്കുക. ബേർഡിന്റെ പ്രസംഗത്തിന്റെ ഒരു മാതൃക നാം അവിടെ കാണുന്നുണ്ട്. (“വേർപാട് സഭകളുടെ ചരിത്രം”, അദ്ധ്യായം 18, പേജ് 365-370). ഹാൻഡ്ലി ബേർഡ് എന്ന ദൈവദാസന്റെ ചില പ്രസ്താവനകൾ തെളിവോടുകൂടെ രേഖപ്പെടുത്തട്ടെ:
1. ആംഗ്ലിയാ സഭ (Anglican Church) പഠിപ്പിച്ചരീതിയിൽ (Article 17) ആണ് താൻ മുൻനിയമനത്തെ മനസ്സിലാക്കുന്നതെന്നു താൻ സൂചിപ്പിക്കുന്നുണ്ട്. കാൽവിനിസമാണ് ആംഗ്ലിയാ സഭ പഠിപ്പിച്ചത്.
2. ഒരു ക്രിസ്ത്യാനി എന്ന മുറയ്ക്ക് ദൈവത്തിന്റെ വെളിപ്പാടുകൾക്കു (ഈ വിഷയത്തോടുള്ള ബന്ധത്തിൽ) നിശ്ചയമായും താൻ കീഴടങ്ങിയേ മതിയാകൂ എന്ന് ദൈവദാസൻ പറയുന്നു. രക്ഷയ്ക്കായുള്ള മുൻനിയമനം നടത്തുന്ന ദൈവം ‘എന്തോ വലിയ അപരാധം മനുഷ്യരോട് ചെയ്യുന്നു’ എന്ന് ഡോ. ഫിലിപ്പിനെ പോലെയുള്ള ചില ബ്രദറുകാർ പറയുമ്പോൾ, അതിൽനിന്നും എത്രയോ വ്യത്യസ്തമാണ് ദൈവഭക്തനായ ഹാൻഡ്ലി ബേർഡിന്റെ സമീപനം എന്ന് നോക്കുക! ദൈവവചനം പറയുന്നത് നാം വിശ്വസിച്ചേ മതിയാകൂ. അത് മാത്രമേ കാൽവിനിസ്റ്റുകൾ ചെയ്യുന്നുള്ളു.
3.
തിരഞ്ഞെടുപ്പിന്റെ ഉപദേശം എന്നത് പ്യൂരിട്ടൻ ഉപദേശമാണ്
എന്ന് ഹാൻഡ്ലി ബേർഡ് പറയുന്നു.[2] കാൽവിനിസം
പിന്തുടരുന്നവർ ആയിരുന്നു പ്യൂരിട്ടൻസ് (Puritans). റോമൻ കത്തോലിക്കർ അത് നിഷേധിക്കുന്നവർ ആണെന്നും
അദ്ദേഹം പറയുന്നു. ഡോ. ഫിലിപ്പിനെപോലെ ഉള്ളവർ ബ്രദറൺ സമൂഹത്തിലോട്ടു നുഴഞ്ഞുകയറി റോമൻ
കത്തോലിക്കർ ചെയ്യുന്നതുപോലെ പ്യൂരിട്ടൻ ഉപദേശത്തെ നിഷേധിക്കുമെന്നു ഹാൻഡ്ലി
ബേർഡ് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല.
4.
തിരഞ്ഞെടുപ്പ്
ഏതാനും വ്യക്തികൾക്ക് മാത്രമേ ഉള്ളു എന്നാണു ഹാൻഡ്ലി ബേർഡ് പഠിപ്പിച്ചത് (ദൈവ വചനവും അങ്ങനെ തന്നെയാണ്
പഠിപ്പിക്കുന്നത്). അങ്ങനെ തിരഞ്ഞെടുക്കുവാനുള്ള കാരണം ദൈവം വെളിപ്പെടുത്തിയിട്ടില്ല
എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ‘മനുഷ്യർ വിശ്വസിക്കും എന്ന് ദൈവം മുൻകണ്ടിട്ടാണ്
ദൈവം അവരെ തിരഞ്ഞെടുത്തതെന്ന്’ ഡോ. ഫിലിപ്പിനെ പോലെയുള്ളവർ പറയുന്നത് എത്രയോ വചനവിരുദ്ധമാണ്
എന്നോർക്കുക.
5.
വിശ്വസിക്കും എന്ന് മുൻകണ്ടിട്ടല്ല
ദൈവം ചിലരെ തിരഞ്ഞെടുത്തതെന്നും, ദൈവം തിരഞ്ഞെടുത്തതുകൊണ്ടാണ് ചിലർ ദൈവത്തിൽ വിശ്വസിക്കുന്നതെന്നും
ഹാൻഡ്ലി ബേർഡ് പറയുന്നു. ഇതാണ് കാൽവിനിസ്റ്റുകൾ പഠിപ്പിക്കുന്ന
നിരുപാധികമായ തിരഞ്ഞെടുപ്പ് (Unconditional Election). കാൽവിനിസം 1960-കളിൽ നുഴഞ്ഞുകയറിയതല്ല
എന്ന് വ്യക്തമായി എന്ന് പ്രതീക്ഷിക്കുന്നു.
കെ. വി. സൈമൺ സാറും കാൽവിനിസവും
"നിരുപാധികമായ തിരഞ്ഞെടുപ്പ്" എന്ന ദൈവവചന സത്യം വിശ്വസിക്കുന്ന ഹാൻഡ്ലി ബേർഡിന്റെ പ്രസംഗക്കുറിപ്പു കെ. വി. സൈമൺ സാർ തന്റെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത് നാം കണ്ടുവല്ലോ. സുവിശേഷോപദേശത്തിൽനിന്നും രേഖാമാത്രമെങ്കിലും വ്യതിചലിക്കാത്ത വ്യക്തിയായിരുന്നു ഹാൻഡ്ലി ബേർഡ് എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു, അദ്ദേഹവും “നിരുപാധിക തിരഞ്ഞെടുപ്പിൽ” വിശ്വസിച്ചിരുന്നു എന്ന് ഇതിൽനിന്നും വ്യക്തമല്ലേ!
(പേജ് 365-366)(“വേർപാട് സഭകളുടെ ചരിത്രം”, അദ്ധ്യായം 17, പേജ് 348-349)
സംഗ്രഹം
‘1960-കളിൽ ഇന്ത്യയിലെ ബ്രദറൺ സഭകളിൽ
നുഴഞ്ഞുകയറിയ ഉപദേശമാണ് കാൽവിനിസം’ എന്ന ജോൺസൻ സി. ഫിലിപ്പിന്റെ പ്രസ്താവന
തികച്ചും തെറ്റായ ഒന്നാണ്. അതിനു മുമ്പേ, കാൽവിനിസ്റ്റു ഉപദേശമായ "തിരഞ്ഞെടുപ്പിന്റെ"
ഉപദേശം (പ്യൂരിട്ടൻ ഉപദേശം) ബ്രദറൺ സഭകളിൽ മുഴങ്ങിയിട്ടുണ്ട്. ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ദൈവവചനം പഠിക്കുന്നതിലും ഗ്രഹിക്കുന്നതിലും ശിശുക്കൾ ആകാതെ, ഉണിശ്രുക്കൾ ആകാതെ വചനം എല്ലാം
പഠിക്കുവാൻ, വിശ്വസിക്കുവാൻ, പഠിപ്പിക്കുവാൻ ദൈവം എല്ലാവർക്കും കൃപയും ധൈര്യവും നൽകുമാറാകട്ടെ.
[1]
www.bethanyaroma.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
[2] നിരുപാധികമായ തിരഞ്ഞെടുപ്പാണ്
(Unconditional Election) പ്യൂരിട്ടൻസ് പഠിപ്പിച്ചത്.

Comments
Post a Comment