നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 8
ജിനു നൈനാൻ എഴുതിയ പുസ്തകത്തിലെ "മുന്നറിവ്, തിരഞ്ഞെടുപ്പ്, മുൻനിയമനം"
(പേജ് 85-100 in book, പേജ് 96-107 in e-book) എന്ന അധ്യായത്തിനുള്ള മറുപടി.
രക്ഷയ്ക്കുള്ള ദൈവത്തിന്റെ
തിരഞ്ഞെടുപ്പ് നിരുപാധികമല്ല, സോപാധികമാണ് (മനുഷ്യരുടെ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതാണ്;
Conditional Election) എന്ന് തെളിയിക്കുവാൻ ജിനു നൈനാൻ കൊടുത്തിരിക്കുന്ന വാക്യങ്ങൾ
പരിശോധിക്കാം (വെളിപ്പാട് 22:17; മത്തായി 22:1-14; പ്രവർത്തികൾ 17:30).
ഈ വാക്യങ്ങൾ ഉപയോഗിച്ചു ജിനു നൈനാൻ തെളിയിക്കുവാൻ ശ്രമിക്കുന്ന കാര്യം ഇതാണ്: “ദൈവീകവിളിയോട്
പ്രതികരിക്കുന്ന മനുഷ്യന്‍റെ വിശ്വാസത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ദൈവിക
തിരഞ്ഞെടുപ്പ്.” അത് അങ്ങനെ തന്നെ ആണോ എന്ന് നമുക്ക് പരിശോധിക്കാം:
കല്യാണസദ്യയിലേക്കു കടക്കുവാൻ ഒരു വ്യവസ്ഥ (condition) ഉണ്ട് എന്ന്
ജിനു നൈനാൻ തെളിയിച്ചു. എന്നാൽ, രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് സോപാധികം ആണെന്ന് ജിനു
നൈനാൻ തെളിയിച്ചിട്ടില്ല
കല്യാണസദ്യയിലേക്കു കടക്കുവാൻ യാതൊരു വ്യവസ്ഥയുമില്ല എന്ന് ആരും പറഞ്ഞിട്ടില്ല. വ്യവസ്ഥ ഉണ്ടെന്നു കർത്താവ് തന്നെ പറയുന്നുണ്ട്. എന്നാൽ രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പിന് വ്യവസ്ഥ ഒന്നും ഇല്ല എന്നാണു ഞങ്ങൾ ദൈവവചനപ്രകാരം വിശ്വസിക്കുന്നത്. പുത്രന്‍റെ കല്യാണവസ്ത്രം സ്വീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത് എന്ന് കർത്താവ് പറഞ്ഞിട്ടില്ല. അത് സഹോദരൻ ജിനു നൈനാന്റെ വ്യാഖ്യാനം മാത്രം. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം എന്താണ് എന്ന് കർത്താവ് പറയുന്ന വേദഭാഗമേ അല്ലായത് (മത്തായി 22:1-14). കല്യാണ വിരുന്നിലേക്കു പ്രവേശിച്ചവർ (പുത്രൻ കൊടുത്ത വസ്ത്രം ധരിച്ചവർ) എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു എന്ന് മാത്രമേ ആ വേദഭാഗം ഉപയോഗിച്ച് സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു. അത് ഞങ്ങളും വിശ്വസിക്കുന്നു. നിത്യതയിൽ കർത്താവിനോടു കൂടെ വസിക്കുന്നവർ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവർ ആണ്. കാരണം: “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം”
അനേകർക്കുള്ള ഒരു തെറ്റിധാരണ: നിരുപാധികമായ
തിരഞ്ഞെടുപ്പ് എന്ന ഉപദേശത്തെക്കുറിച്ചു അനേകർക്കു തെറ്റിധാരണകൾ ഉണ്ട്. നിത്യജീവൻ പ്രാപിക്കുവാൻ,
കല്യാണ വിരുന്നു അനുഭവിക്കുവാൻ, നീതീകരിക്കപ്പെടുവാൻ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല
എന്നാണു ആ ഉപദേശം പഠിപ്പിക്കുന്നതെന്ന തെറ്റിധാരണ. എന്നാൽ അത് അടിസ്ഥാന വിരുദ്ധമാണ്.
അങ്ങനെ ആരും പഠിപ്പിക്കുന്നില്ല. നിത്യജീവൻ പ്രാപിക്കുവാൻ നാം വിശ്വസിക്കേണം. നീതീകരിക്കപ്പെടുവാൻ
നാം വിശ്വസിക്കേണം. അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും എന്നും കർത്താവ്
പറഞ്ഞിട്ടുണ്ട് (Perseverance of the Saints). എന്നാൽ ഈ സത്യങ്ങൾ ഒന്നും നിരുപാധികമായ
തിരഞ്ഞെടുപ്പിനെ ഖണ്ഡിക്കുന്നില്ല. തിരഞ്ഞെടുപ്പ് നിരുപാധികം അല്ല എന്ന് തെളിയിച്ചാൽ
മാത്രമേ അത് ഖണ്ഡിക്കപ്പെടുകയുള്ളു. എന്നാൽ അങ്ങനെ തെളിയിക്കുവാൻ ജിനു നൈനാന് സാധിച്ചിട്ടില്ല. അദ്ദേഹം പറയുന്നത്: കല്യാണ വിരുന്നിൽ ഇരിക്കുവാൻ വ്യവസ്ഥ ഉണ്ട്, നീതീകരിക്കപ്പെടുവാൻ
വ്യവസ്ഥ ഉണ്ട്, നിത്യജീവൻ പ്രാപിക്കുവാൻ വ്യവസ്ഥ ഉണ്ട് എന്നൊക്കെയാണ്. അതിൽ ആർക്കും
തർക്കവുമില്ല. ഞങ്ങളും അത് വിശ്വസിക്കുന്നു.
മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസിക്കുവാൻ ഉള്ള വിളി എന്നത്
എല്ലാവരോടും ആണ്
അങ്ങനെ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഈ സത്യം ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു.
കാരണം, ദൈവവചനം അത് പഠിപ്പിക്കുന്നു.
പ്രവർത്തികൾ 17:30: “എന്നാൽ
അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന്
മനുഷ്യരോടു കല്പിക്കുന്നു”
മത്തായി 22:1-14: “വിളിക്കപ്പെട്ടവർ
അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” [അനേകം പേരെ വിളിക്കുന്നുണ്ട്. തിരഞ്ഞെടുത്തിട്ടില്ലാത്തവരെയും
വിളിക്കുന്നുണ്ട്.]
മത്തായി 11:28: “അദ്ധ്വാനിക്കുന്നവരും
ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”
യോഹന്നാൻ 7:37: “ഉത്സവത്തിന്റെ
മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ
വന്നു കുടിക്കട്ടെ.”
എന്നാൽ ഇതൊന്നും രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് എന്തിന്റെ അടിസ്ഥാനത്തിൽ
ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ള വേദഭാഗങ്ങൾ അല്ല.
ഈ ക്ഷണം (വിശ്വസിക്കുക, മാനസാന്തരപ്പെടുക) സ്വീകരിക്കുവാൻ കഴിവുള്ളവനാണ്
മനുഷ്യൻ എന്ന് ജിനു നൈനാൻ പഠിപ്പിക്കുന്നു.
ആ ക്ഷണം നിരസിക്കുവാൻ മനുഷ്യർക്ക് കഴിവുണ്ട് എന്നത് സത്യമാണ്. കാര്യം,
അതാണ് മനുഷ്യർ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ മാനസാന്തരപ്പെടുവാനും സുവിശേഷത്തിൽ
വിശ്വസിക്കുവാനും മനുഷ്യർക്ക് സ്വമേധയാൽ കഴിവുണ്ട് എന്നത് വചനവിരുദ്ധമായ പഠിപ്പിക്കൽ
ആണ്. അതിനു മനുഷ്യർക്ക് സ്വമേധയാൽ കഴിവില്ല എന്ന് വചനം പറയുന്നുമുണ്ട്.
1 കൊരിന്ത്യർ 1:23,24: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു
ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട
ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.”
·
പൗലോസിന്റെ വിഷയം: സുവിശേഷവും
അതിനോടുള്ള മനുഷ്യരുടെ പ്രതികരണവും.
·
മനുഷ്യരുടെ സ്വാഭാവിക പ്രതികരണം:
സുവിശേഷം അവർക്കു ഇടർച്ചയും ഭോഷത്വവുമാണ്. സുവിശേഷം ഇടർച്ച ആണെങ്കിൽ സുവിശേഷത്തിൽ വിശ്വസിക്കുവാൻ
സാധിക്കുകയില്ലല്ലോ.
·
എന്നാൽ ചിലർ സുവിശേഷത്തിൽ വിശ്വസിക്കുന്നുണ്ട്.
അതിന്റെ കാരണം എന്താണ് എന്ന് പൗലോസ് തന്നെ വെളിപ്പെടുത്തുന്നു. അതിന്റെ കാരണം അവർ വിളിക്കപ്പെട്ടവർ ആയതുകൊണ്ടാണ്.
അവർ വിളിക്കപ്പെട്ടവർ ആയതുകൊണ്ട് സുവിശേഷം അവർക്കു ദൈവശക്തിയാണ് (ഇടർച്ച അല്ല, ഭോഷത്വം
അല്ല). അതുകൊണ്ടു അവർ വിശ്വസിക്കുന്നു.
ഈ വേദഭാഗത്തു ഒരു വിളിയെ കുറിച്ച് നാം കാണുന്നുണ്ട്. ആ വിളിയുടെ സ്വഭാവം
നമുക്ക് പരിശോധിക്കാം.
1. എല്ലാവർക്കും ആ വിളി കിട്ടുന്നില്ല. കാരണം എല്ലാവർക്കും സുവിശേഷം എന്നത്
ദൈവശക്തിയല്ല. പലർക്കും അത് ഭോഷത്വവും ഇടർച്ചയും ആണെന്ന് പൗലോസ് തന്നെ പറഞ്ഞു. അതുകൊണ്ടു,
മത്തായി 22:14-ലെ ആ വിളിയല്ല 1 കൊരിന്ത്യർ 1:23,24-ലെ “വിളി”. രണ്ടും തമ്മിൽ വ്യത്യാസം
ഉണ്ട്. മത്തായി 22:14-ൽ നാം കാണുന്ന വിളിയിൽ എല്ലാവരും ഉൾപ്പെട്ടിരിക്കുന്നു. വിശ്വസിക്കാത്തവരും
ആ വിളി കേൾക്കുന്നുണ്ട്. എന്നാൽ 1 കൊരിന്ത്യർ 1:23,24-ലെ വിളി അങ്ങനെ അല്ല.
2. 1 കൊരിന്ത്യർ 1:23,24-ലെ “വിളി” ലഭിക്കുന്ന എല്ലാവരും ക്രിസ്തുവിൽ വിശ്വസിച്ചിരിക്കും
എന്ന് പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു: “വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും” എന്നാണു നാം വായിക്കുന്നത്. വിളിക്കപ്പെട്ട
ഏവർക്കും സുവിശേഷം ഇടർച്ച അല്ല. വിളിക്കപ്പെടാത്തവർക്കാണ് സുവിശേഷം ഇടർച്ചയും ഭോഷത്വവും
എന്നർത്ഥം. ഈ വിളിയെ ഫലപ്രദമായ വിളി (Effectual Calling) എന്ന് പറയാം. കാരണം ഈ വിളി
കിട്ടിയ ആരും നശിച്ചിട്ടില്ല.
3. ഈ വിളിയുടെ മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാൽ, സുവിശേഷം ആരൊക്കെ വിശ്വസിക്കും
എന്ന് മുന്നറിഞ്ഞിട്ടല്ല ദൈവം വിളിക്കുന്നത് എന്നതാണ്. കാരണം, ദൈവം ആരെയും വിളിച്ചില്ലായിരുന്നു
എങ്കിൽ എല്ലാവർക്കും സുവിശേഷം ഇടർച്ചയും ഭോഷത്വവും ആയേനെ എന്ന് പൗലോസ് പറയുന്നു. ചിലർക്ക്
സുവിശേഷം വിശ്വസിക്കുവാൻ തക്കവണ്ണം ദൈവശക്തിയായതു തന്നെ ഈ വിളിയുടെ അടിസ്ഥാനത്തിൽ ആണ്.
അതുകൊണ്ടു മനുഷ്യരുടെ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതല്ല ഈ വിളി. എന്നാൽ മനുഷ്യർക്ക്
വിശ്വസിക്കുവാനുള്ള ആ കഴിവ് തന്നെ ഈ വിളിയിൽ
(effectual calling) അടിസ്ഥാനപ്പെട്ടതാണ്.
·
അതുകൊണ്ടു, ദൈവവചനത്തിൽ രണ്ടു
തരം വിളിയെ കുറിച്ച് പറയുന്നുണ്ട്: 1) ബാഹ്യമായ വിളി (മത്തായി 22:14), 2) ആന്തരീക വിളി
(1 കൊരിന്ത്യർ 1:23,24). ആന്തരികമായ ഫലപ്രദമായ വിളിയെ കുറിച്ചുള്ള അജ്ഞതയാണ് ജിനു നൈനാൻ
തെറ്റിപ്പോകുവാൻ കാരണം.
രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ്
സോപാധികമാണെന്നു (Conditional) ജിനു നൈനാൻ തെളിയിച്ചിട്ടില്ല
ഈ ലേഖനങ്ങൾ ശ്രദ്ധിച്ചു വായിക്കുന്നവർക്ക് ഒരു കാര്യം വ്യക്തമാണ്. രക്ഷയ്ക്കായുള്ള
തിരഞ്ഞെടുപ്പ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിയിക്കുന്ന ഒരു വാക്യം പോലും
ജിനു നൈനാൻ കൊണ്ടുവരുന്നില്ല. അങ്ങനെ ഒരു വാക്യം പോലും ഇല്ലതാനും.
ദൈവം ചിലരെ മുന്നറിഞ്ഞു എന്ന് പറഞ്ഞിരിക്കുന്നതിനെ ദൈവം ചിലർ വിശ്വസിക്കും
എന്ന് മുന്നമേ കൂട്ടി അറിഞ്ഞു എന്നാക്കി ജിനു നൈനാൻ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.
ഈ വിഷയത്തെ കുറിച്ച് കൂടുതലായി അടുത്ത ലേഖനത്തിൽ വിശദീകരിക്കുന്നതാണ്. എന്നാൽ ചില
കാര്യങ്ങൾ പറയട്ടെ:
1. ചിലരെ മുന്നറിഞ്ഞു എന്നതിനെ ചിലരെക്കുറിച്ചുള്ള കാര്യങ്ങൾ ദൈവം മുന്നമേ
അറിഞ്ഞു എന്നാക്കി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. വ്യക്തികളെ കുറിച്ച് അറിയുന്നതും,
ചില വസ്തുതകൾ അറിയുന്നതും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ.
2. ദൈവം ചിലരെ മുന്നറിഞ്ഞു എന്നതിനെ അവർ വിശ്വസിക്കും എന്ന് മുന്നമേ അറിഞ്ഞു
എന്നാക്കി വ്യാഖ്യാനിക്കുവാൻ എന്താണ് കാരണം? അങ്ങനെ വ്യാഖ്യാനിക്കുകയാണെങ്കിൽ നമുക്ക് എന്തും സ്ഥാപിച്ചുകൂടെ! ഒരുവൻ അവസാനം വരെ
വിശ്വാസത്തിൽ ഉറച്ചുനിൽക്കും എന്ന് മുന്നമേ കണ്ടു ദൈവം ഒരുവനെ തിരഞ്ഞെടുത്തു എന്ന്
വ്യാഖ്യാനിച്ചുകൂടെ! ഒരുവൻ സ്നാനപ്പെടുമെന്നു ദൈവത്തിനു മുന്നമേ അറിയാവുന്നതുകൊണ്ടാണ്
ഒരുവനെ തിരഞ്ഞെടുത്തതെന്ന് വാദിച്ചുകൂടെ! എന്നാൽ ഇത് മാത്രമല്ലല്ലോ ദൈവത്തിനു മുന്നമേ
അറിയാവുന്നതു: ഒരുവന്റെ ജനനം മുതൽ നിത്യത വരെയുള്ള എല്ലാം ദൈവം മുന്നമേ അറിയുന്നുണ്ട്.
അതിനെയെല്ലാം നമുക്ക് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം ആക്കുവാൻ സാധിക്കുമോ? അങ്ങനെ ആരും
മുതിരുകയില്ല എന്ന് ഞാൻ ആശിക്കുന്നു. എന്നാൽ അതിൽനിന്നും വിശ്വാസം മാത്രം എടുത്തിട്ട്
അതാണ് തിരഞ്ഞെടുപ്പിന് അടിസ്ഥാനം എന്ന് പറയുന്നത് സ്ഥിരതയില്ലാത്ത വ്യാഖ്യാനമാണ്.
3. മാത്രമല്ല, രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുവാൻ ചില വ്യവസ്ഥകൾ ഉണ്ടെന്നു
ദൈവവചനം ഒരിടത്തുപോലും പറയുന്നില്ല. ജിനു നൈനാന് അത് കാണിക്കുവാനും സാധിച്ചില്ല. നീതീകരിക്കപ്പെടുവാൻ
വ്യവസ്ഥ ഉണ്ട് എന്ന് ദൈവവചനം പറയുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെടുവാൻ മനുഷ്യർ അനുഷ്ഠിക്കേണ്ട
ഒരു വ്യവസ്ഥപോലും ദൈവവചനം പറയുന്നില്ല. രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുവാൻ ഒരു വ്യവസ്ഥയുമില്ല
എന്നു ദൈവവചനം പറയുന്നുണ്ടുതാനും (അടുത്ത ലേഖനത്തിൽ വിവരിക്കുന്നു).
Comments
Post a Comment