നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 6 - (സഹോദരൻ ജിനു നൈനാന്റെ റോമർ 9-ന്റെ വിശകലനത്തിലുള്ള പിശകുകൾ)
സഹോദരൻ ജിനു നൈനാന്റെ റോമർ 9-ന്റെ വിശകലനത്തിലുള്ള പിശകുകൾ
റോമർ 9-ന്റെ സമീപ പശ്ചാത്തലം (Immediate Context) മനസ്സിലാക്കിയതിലുള്ള പിശക്
റോമർ 9-ന്റെ സമീപ പശ്ചാത്തലം എന്താണെന്ന് വിവരിച്ചുവല്ലോ. എന്നാൽ അതീനെ അവഗണിക്കുകയാണ് തന്റെ പുസ്തകത്തിൽ ജിനു നൈനാൻ ചെയ്തിരിക്കുന്നത്
അദൃശ്യനായ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കിയതിലുള്ള പിശക്
ജിനു നൈനാൻ: ദൈവീക പദ്ധതി ലോകത്തിനു വെളിപ്പെടുത്തുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട (9:4-5 വാക്യങ്ങളിൽ പറയുന്നതുപോലെ) ഇസ്രായേൽ ദൈവത്തിന്റെ പദ്ധതി പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടു എങ്കിൽ അവരെപ്പറ്റിയുള്ള "ദൈവവചനം വൃഥാവായി പോയോ, ദൈവം അവരെ തള്ളിക്കളഞ്ഞുവോ?" എന്നതാണ് അദൃശ്യനായ ചോദ്യകർത്താവിന്റെ പ്രധാന ചോദ്യം. (page 39)
മറുപടി:
ദൈവത്തിന്റെ വീണ്ടെടുപ്പിന്റെ പദ്ധതി ലോകത്തിനു വെളിപ്പെടുത്തുവാൻ വേണ്ടിയാണ് ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തതെന്ന് ജിനു നൈനാൻ പറയുന്നുണ്ട് (page 39, 40). (അത് സത്യമാണ്താനും).
അങ്ങനെ എങ്കിൽ എന്തടിസ്ഥാനത്തിൽ ആണ് "ഇസ്രായേൽ ദൈവത്തിന്റെ പദ്ധതി പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടു" എന്ന് പറയുവാൻ സാധിക്കുക? യിസ്രായേലിലൂടെ ദൈവത്തിന്റെ വീണ്ടെടുപ്പിൻ പദ്ധതി ലോകത്തിനു വെളിപ്പെട്ടു കഴിഞ്ഞുവല്ലോ. പിന്നെ എങ്ങനെ ആ പദ്ധതി (അവരെ പറ്റിയുള്ള ദൈവവചനം) വൃഥാവായിപ്പോയി എന്ന് അദൃശ്യ ചോദ്യകർത്താവിനു പറയാനാകും? (It is obvious that Israel fulfilled her purpose, since Christ came through her and the salvation was proclaimed throughout the Gentile world).
അതുകൊണ്ടു, ആ പദ്ധതിയേ കുറിച്ചല്ല പൗലോസ് ഒമ്പതാം അധ്യായത്തിൽ പറയുന്നതെന്ന് വ്യക്തം. ഇസ്രായേലിലുള്ള വ്യക്തികളുടെ ആത്മരക്ഷയെകുറിച്ചാണ് പൗലോസ് സംസാരിക്കുന്നതെന്ന് നാം സമ്മതിക്കേണ്ടി വരും. അങ്ങനെ സമ്മതിച്ചാൽ റോമർ 9-ലെ വിഷയം രക്ഷയ്ക്ക് വേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് സമ്മതിക്കേണ്ടി വരും.
ജിനു നൈനാൻ: ഇസ്രായേലിനു വേണ്ടി നൽകിയ ദൈവീക വീണ്ടെടുപ്പിന്റെ പദ്ധതിയിൽ, വിഗ്രഹാരാധികളായ വിജാതീയരെ ഉൾപ്പെടുത്തിയത് ദൈവത്തിന്റെ പക്കലേ അനീതിയല്ലേ എന്നതാണ് അദൃശ്യനായ ചോദ്യകർത്താവിന്റെ ഒന്നാമത്തെ ഉപചോദ്യം. (page 40)
മറുപടി:
അദൃശ്യനായ ചോദ്യകർത്താവെന്ന പേരിൽ സ്വയം ഒരു ചോദ്യം ഉണ്ടാക്കുകയാണ് ജിനു നൈനാൻ ഇവിടെ ചെയ്തിരിക്കുന്നത്. ഈ ചോദ്യത്തിന് റോമർ 9-ന്റെ പശ്ചാത്തലവുമായി ഒരു ബന്ധവുമില്ല.
ജിനു നൈനാൻ: തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ എന്തുകൊണ്ട് പൂർണ്ണമായി ദൈവത്തിന്റെ പദ്ധതിയിൽ എത്തിച്ചേർന്നില്ല എന്നതാണ് അദൃശ്യനായ ചോദ്യകർത്താവിന്റെ രണ്ടാമത്തെ ഉപചോദ്യം. (page 40)
മറുപടി:
കുറച്ചെങ്കിലും സത്യത്തിന്റെ അടുത്ത് വരുന്ന കാര്യമാണ് "രണ്ടാമത്തെ ഉപചോദ്യത്തിൽ" ചോദിച്ചിരിക്കുന്നത്.
യിസ്രായേല്യർ എല്ലാവരും എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നതാണ് യഥാർത്ഥ ചോദ്യം. (മുകളിൽ ഞാൻ വിവരിച്ചിട്ടുണ്ട്). അത് വ്യക്തിപരമായ രക്ഷയെ സംബന്ധിക്കുന്ന കാര്യവുമാണ്.
എന്നാൽ മുകളിലുള്ള തെറ്റായ ചോദ്യങ്ങളുടെ മേൽ ആണ് ജിനു നൈനാൻ തന്റെ വാദങ്ങൾ (പുസ്തകത്തിൽ ഉടനീളം) നിരത്തിയിരിക്കുന്നത്. അതുകൊണ്ടു അതെല്ലാം വചന വിരുദ്ധമാണെന്നു എല്ലാവർക്കും തീർച്ചപ്പെടുത്താം.
അദൃശ്യനായ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ ശരിയായി മനസ്സിലാക്കുവാൻ കഴിയാത്തതുകൊണ്ട് തുടർന്നുള്ള പൗലോസിന്റെ വാദവും മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നു. അതാണ് തന്റെ പുസ്തകത്തിൽ ജിനു നൈനാന് സംഭവിച്ചത്.
പഴയ നിയമ ഉദ്ധരണികളുടെ തെറ്റായ ഉപയോഗം എന്ന പിശക്
റോമർ 9-ആം അധ്യായത്തിൽ പൗലോസ് എന്താണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് റോമർ 9-ന്റെ സന്ദർഭത്തിലൂടെ മനസ്സിലാക്കാതെ പഴയ നിയമ ഉദ്ധരണികളെ ഉപയോഗിച്ചു പൗലോസ് പറയുന്നതിനെ കോട്ടിക്കളഞ്ഞതാണ് ഗുരുതരമായ തെറ്റ്.
അദൃശ്യനായ ചോദ്യകർത്താവിന്റെ ചോദ്യം ശരിയായി ജിനു നൈനാൻ മനസ്സിലാക്കിയിട്ടില്ല എന്ന് നാം കണ്ടുവല്ലോ. എന്നാൽ തെറ്റായി ചോദ്യങ്ങളെ അനുമാനിച്ച ശേഷം ആ തെറ്റായ അനുമാനത്തെ സ്ഥാപിക്കുവാൻ താൻ പരക്കംപായുകയാണ് ചെയ്യുന്നത്.
അബ്രാഹാം എന്ന് റോമർ 9-ൽ കാണുമ്പോഴേക്കും അബ്രാഹാമിന്റെ തിരഞ്ഞെടുപ്പിനെയും അതിന്റെ ലക്ഷ്യത്തെയും കുറിച്ച് എഴുതിയിരിക്കുന്ന പഴയ നിയമ അധ്യായങ്ങളിലേക്കു താൻ പോകുന്നു. ഇസഹാക്ക് എന്ന് കാണുമ്പോഴേക്കും ഇസഹാക്കിനെക്കുറിച്ചുള്ള പഠനത്തിലേക്ക് പോകുന്നു. പൗലോസ് എന്തിനാണ് അബ്രഹാമിനെയും ഇസഹാക്കിനെയും യാക്കോബിനെയും ഏശാവിനെയും എല്ലാം ഉപയോഗിച്ചത് എന്ന് ജിനു നൈനാൻ മനസ്സിലാക്കാതെ പോയി.
എന്നാൽ താൻ അവലംബിച്ച വ്യാഖ്യാന രീതി ഗുരുതരമായ വ്യാഖ്യാന പിശകാണ്.
ആ രീതിയിൽ നാം വ്യാഖ്യാനിച്ചാൽ എന്ത് ഉപദേശവും നമുക്ക് സ്ഥാപിക്കുവാൻ കഴിയും
ഉദാഹരണം:
മത്തായി 2:15: ““മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.”
ഹോശേയ പ്രവചനത്തിൽ ഇസ്രായേൽ ജാതിയോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് യേശു ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മത്തായി ഉദ്ധരിക്കുന്നത്.
താൻ എന്താണോ ഉദ്ദേശിക്കുന്നത്, അത് സ്ഥാപിക്കുവാൻ വേണ്ടിയാണ് മത്തായി ആ പഴയ നിയമ ഉദ്ധരണിയെ ഉപയോഗിക്കുന്നത്.
എന്നാൽ ജിനു നൈനാൻ ചെയ്യുന്നതുപോലെ പഴയ നിയമ പുസ്തകത്തിലേക്ക് പോയി അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം യേശു ക്രിസ്തുവിനെക്കുറിച്ചുള്ളതാണെന്നു പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുക!
ഹോശേയ 11:1, 2: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.”
ജിനു നൈനാൻ വ്യാഖ്യാനിച്ചത് പോലെ ഇവിടെയും വ്യാഖ്യാനിച്ചാൽ യേശു ക്രിസ്തു ഒരു പാപിയായിരുന്നു (വിഗ്രഹാരാധി ആയിരുന്നു) എന്ന രീതിയിൽ ഉള്ള തെറ്റായ ഉപദേശം ദുരുപദേശകന്മാർക്കു സ്ഥാപിക്കുവാൻ സാധിക്കും. എത്രയോ ഗുരുതരമായ ദുരുപദേശമാണ് അതെന്നോർക്കുക.
മാത്രമല്ല, ഹോശേയ 11-ആം അധ്യായത്തിൽ പറയുന്നത് ഒരു ജനതക്കുറിച്ചാണ് എന്നും, അതുകൊണ്ടു യേശു ക്രിസ്തു ഒരു ചരിത്ര പുരുഷനല്ല എന്നുമൊക്കെ വ്യാഖ്യാനിച്ചു പോയാൽ എന്തൊരു അബദ്ധത്തിൽ ആണ് ഒരുവൻ ചാടുക എന്ന് ഓർക്കുക.
ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണ് എന്നുവച്ചാൽ, എഴുത്തുകാരന്റെ പ്രധാന വാദത്തിനനുസരിച്ചു പഴയ നിയമ ഉദ്ധരണികളെ എഴുത്തുകാരൻ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. എന്നാൽ അതിൽ ജിനു നൈനാൻ പരാജയപ്പെട്ടു.
“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു”
ഏശാവിനെ ദൈവം ദ്വേഷിച്ചു എന്ന് പറഞ്ഞാൽ അനേകം മനുഷ്യർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണ്. മനുഷ്യന്റെ പാപത്തെക്കുറിച്ചു ശരിയായ ബോധം ഇല്ലാത്തതുകൊണ്ടാണ് നാം ഇടറിപോകുന്നത്. ആദാമിന്റെ സന്തതികൾ എല്ലാവരും തന്നെ ദൈവത്താൽ ദ്വേഷിക്കപ്പെടുവാൻ യോഗ്യരാണ് എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
റോമർ 5:18-19: “അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.”
പാപികളായ മനുഷ്യരെ ദൈവം ദ്വേഷിക്കുന്നു എങ്കിൽ അതിൽ ഒരു തെറ്റുമില്ല. അതിനു എല്ലാ മനുഷ്യരും യോഗ്യന്മാരുമാണ്.
എന്നാൽ നമ്മെ അതിശയിപ്പിക്കേണ്ട കാര്യം ദൈവം എന്തുകൊണ്ട് ഏശാവിനെ ദ്വേഷിച്ചു എന്നുള്ളതായിരിക്കരുത്. ദൈവം എന്തുകൊണ്ട് യാക്കോബിനെ സ്നേഹിച്ചു എന്ന കാര്യമാണ് നമ്മെ അതിശയിപ്പിക്കേണ്ടത്. ഏശാവിനെപോലെതന്നെ ദ്വേഷിക്കപ്പെടുവാൻ യോഗ്യനായ യാക്കോബിനെ ദൈവം സ്നേഹിച്ചത് ദൈവത്തിന്റെ കരുണയാണ്. ദൈവം യാക്കോബിനെ സ്നേഹിച്ചത് കൊണ്ട് ഏശാവിനോട് അനീതി ഒന്നും ചെയ്തില്ല. ഏശാവിനു കിട്ടേണ്ടതെ ഏശാവിനു കിട്ടിയുള്ളൂ. ഏശാവ് അർഹിക്കുന്ന ദൈവീക നീതി ഏശാവിനു ലഭിച്ചു. എന്നാൽ യാക്കോബിന് യഹോവയുടെ കൃപ ലഭിച്ചു.
റോമർ 9:28, 29: ““യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.”
ഇവിടെയും നമ്മെ അത്ഭുതപ്പെടുത്തേണ്ടത് എന്തുകൊണ്ട് അനേകം മനുഷ്യർ നശിച്ചു പോകുന്നു എന്നുള്ളതല്ല. എന്തുകൊണ്ട് ചിലർ രക്ഷിക്കപ്പെടുന്നു എന്നുള്ളതാണ്. ദൈവം ആരെയും തിരഞ്ഞെടുത്തില്ലായിരുന്നു എങ്കിൽ എല്ലാവരും നശിച്ചേനെ (“നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു”). എന്നാൽ ദൈവം കൃപയാൽ ഉള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പിനെ വച്ചു. ദൈവത്തിനു സ്തോത്രം.
കുശവനും കളിമണ്ണും
ഈ വിഷയത്തെ കുറിച്ചും ജിനു നൈനാൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പൗലോസ് സ്ഥാപിക്കുന്ന ആശയങ്ങൾ മനസ്സിലാക്കാതെയാണ് താൻ ഇതും വ്യാഖ്യാനിക്കുന്നത്.
റോമർ 9:19: “ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.”
ജിനു നൈനാൻ: ദൈവത്തോട് ഹൃദയം കഠിനപ്പെടുത്തി, മത്സരിക്കുന്നവരും ആദ്യന്തികമായി ദൈവീക പദ്ധതി പൂർത്തീകരിക്കുന്നതിൽ പങ്കാളിയാകുന്നു എങ്കിൽ എന്തിനു മനുഷ്യനെ കുറ്റപ്പെടുത്തണം?
ചോദ്യം എന്താണ് എന്ന് പോലും സന്ദർഭം നോക്കി മനസ്സിലാക്കുവാനുള്ള കഴിവ് ജിനു നൈനാന് നഷ്ടപ്പെട്ടിരിക്കുന്നു.
എന്താണ് ശെരിയായ ചോദ്യം? റോമർ 9:18 വായിച്ചാൽ അത് മനസ്സിലാകും. റോമർ 9:18: “അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.”
പൗലോസിന്റെ ഈ പ്രസ്താവനയാണ് അദൃശ്യനായ ചോദ്യകർത്താവിനെകൊണ്ട് റോമർ 9:19-ലെ ചോദ്യം ചോദിപ്പിച്ചത്.
അങ്ങനെ എങ്കിൽ എന്തായിരിക്കും ആ ചോദ്യം? അദൃശ്യനായ ചോദ്യകർത്താവിന്റെ ചോദ്യം ഇതാണ്: തനിക്കു മനസ്സുള്ളവനോടു ദൈവം കരുണ കാണിക്കുകയും; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുകയും ചെയ്യുന്നുവെങ്കിൽ "ദൈവം പിന്നെ കുറ്റം പറയുന്നതു എന്തു? ആർ ദൈവത്തിന്റെ ഇഷ്ടത്തോടു എതിർത്തു നിൽക്കും?"
ഈ ചോദ്യത്തിനാണ് പൗലോസ് മറുപടി പറയുന്നത്
റോമർ 9:20-21: “അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?”
പൗലോസിന്റെ മറുപടി ശ്രദ്ധേയമാണ്. ചോദ്യകർത്താവ് പൗലോസിന്റെ വാദത്തെ തെറ്റിദ്ധരിച്ചു എന്നൊന്നുമല്ല പൗലോസ് പറയുന്നത്.
ദൈവത്തിന്റെ സർവാധികാരത്തെ ചോദ്യം ചെയ്യുവാൻ മനുഷ്യനായ നീ ആരാണ് എന്ന് പൗലോസ് തിരിച്ചു ചോദിക്കുന്നു. ദൈവത്തിന്റെ അധികാരം എന്താണ് എന്ന് പൗലോസ് വിശദീകരിക്കുന്നു.
കുശവൻ എന്ന രീതിയിൽ മനുഷ്യരുടെ ഇടയിൽനിന്നു ചിലരെ മാനത്തിന്നും മറ്റു ചിലരെ അപമാനത്തിന്നും ഉണ്ടാക്കുവാൻ മനുഷ്യരുടെ മേൽ ദൈവത്തിനു അധികാരം ഉണ്ട് എന്ന് പൗലോസ് സ്ഥാപിക്കുന്നു.
ഏകപക്ഷീയമായി ചെയ്യുവാൻ ദൈവത്തിനു അധികാരം ഉണ്ടെന്നു ജിനു നൈനാനും തന്റെ പുസ്തകത്തിൽ സമ്മതിക്കുന്നുണ്ട്. സമ്മതിക്കാതെയിരിക്കുവാൻ സാധിക്കുകയും ഇല്ല. എന്നാൽ ദൈവം ഏകപക്ഷീയമായി പ്രവർത്തിച്ചാൽ അത് അനീതി ആയി പോകും എന്നും ജിനു നൈനാൻ പറയുന്നു. എന്തൊരു അസംബദ്ധം ആണത്! ദൈവത്തിനു അനീതി ചെയ്യുവാൻ അധികാരം ഉണ്ടെന്നാണോ ജിനു നൈനാൻ വിശ്വസിക്കുന്നത്!?
എന്നാൽ പൗലോസിന്റെ വാദം ശ്രദ്ധിക്കുക: മനുഷ്യരുടെ ഇടയിൽനിന്നു ചിലരെ മാനത്തിന്നും മറ്റു ചിലരെ അപമാനത്തിന്നും ഉണ്ടാക്കുവാൻ മനുഷ്യരുടെ മേൽ ദൈവത്തിനു അധികാരം ഉണ്ട് എന്ന് പൗലോസ് മറുപടി കൊടുക്കുന്നു. അതായത്, ഫറവോന്റെ കാര്യത്തിലും, രക്ഷിക്കപ്പെടാത്ത ഇസ്രായേൽ മക്കളുടെ കാര്യത്തിലും ഇതേ അധികാരം ഉപയോഗിച്ചാണ് ദൈവം പ്രവർത്തിച്ചത് എന്ന് സ്ഥാപിക്കുകയാണ് പൗലോസ് ചെയ്യുന്നത്.
ഇതാണ് വേദപുസ്തകത്തിലെ പഠിപ്പിക്കൽ:
1 പത്രോസ് 2:8: “അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.”
യൂദാ 4: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.” (For certain people have crept in unnoticed who long ago were designated for this condemnation, ungodly people, who pervert the grace of our God into sensuality and deny our only Master and Lord, Jesus Christ.)
റോമർ 11:7: “ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.”
സദൃശ്യവാക്യങ്ങൾ 16:4: “യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.”
എന്നാൽ, പൗലോസ് എന്താണ് സ്ഥാപിക്കുന്നത് എന്ന് മനസ്സിലാക്കാതെ പഴയ നിയമത്തിലെ ഒരു അധ്യായത്തിലെ അർഥം റോമർ 9-ന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് ജിനു നൈനാൻ ചെയ്തിരിക്കുന്നത്.
റോമർ 9:22-24: “എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?”
റോമർ 9-ലെ വിഷയം ഇസ്രയേലിന്റെയും ജാതിയുടെയും തിരഞ്ഞെടുപ്പാണെന്ന ജിനു നൈനാന്റെ വാദത്തെ പൗലോസ് ഖണ്ഡിക്കുന്നു.
യെഹൂദന്മാരിൽനിന്നു മുന്നൊരുക്കിയ കരുണാപാത്രൾ, ജാതികളിൽനിന്നും മുന്നൊരുക്കിയ കരുണാപാത്രൾ എന്ന് പൗലോസ് പറയുന്നു.
ഇതാണ് പൗലോസിന്റെ വിഷയം. യെഹൂദന്മാരിൽനിന്നും ചിലരെ ദൈവം തിരഞ്ഞെടുത്തു. ജാതികളിൽനിന്നും ചിലരെ ദൈവം തിരഞ്ഞെടുത്തു. നിത്യതയോടു ബന്ധപ്പെട്ട വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് തന്നെ വിഷയം.
Comments
Post a Comment