നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 5 - (റോമർ 9-ന്‍റെ വ്യാഖ്യാനം)


  1. റോമർ 9-ന്‍റെ സമീപ പശ്ചാത്തലം (Immediate Context)


റോമർ എട്ടാം അധ്യായമാണ് റോമർ 9-ന്‍റെ സമീപ പശ്ചാത്തലം. റോമർ 8:28-39-ന്‍റെ വിഷയം നിത്യതയ്ക്കുള്ള വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പാണ് എന്നുള്ളത് പകൽ പോലെ വ്യക്തം.

റോമർ 8:29-30: “അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.”

  • ഈ വാക്യങ്ങളിലെ മുന്നറിവും, മുൻനിയമനവും, വിളിയും, നീതികരണവും, തേജസ്കരണവും എല്ലാം വ്യക്തിപരവും രക്ഷയോടുള്ള ബന്ധത്തിലും ആണ്.

റോമർ 8:31-33: “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.”

  • ഇവിടെയും ദൈവം തിരഞ്ഞെടുത്ത വ്യക്തികളെ കുറിച്ച് നാം കാണുന്നു. സ്വന്തപുത്രനെ വരെ തിരഞ്ഞെടുക്കപ്പെട്ടവർക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചു കൊടുത്ത പിതാവാം ദൈവം, മറ്റു അനുഗ്രഹങ്ങളും എങ്ങനെ നല്കാതിരിക്കും എന്ന് പൗലോസ് വാദിക്കുന്നു. ഇവിടെയും വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് തന്നെ വിഷയം.

റോമർ 8:34-35: “ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?”

  • ദൈവത്താൽ മുന്നറിയപ്പെട്ടവരെ ആരും ശിക്ഷവിധിക്കുകയില്ല എന്നും അവരെ ക്രിസ്തുവിന്‍റെ സ്നേഹത്തിൽ നിന്നും വേർപിരിക്കുവാൻ കഴിയുകയില്ല എന്നും പൗലോസ് വാദിക്കുന്നു.

റോമർ 8:38-39: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.”

  • ഇവിടെയും വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് തന്നെ വിഷയം.

റോമർ 8:28-39-ന്‍റെ വിഷയം നിത്യതയ്ക്കുവേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആണെന്നിരിക്കെ, തൊട്ടടുത്ത അധ്യായമായ റോമർ 9-ന്‍റെ വിഷയം “നിത്യതയ്ക്കുവേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പ് അല്ല” എന്ന് ജിനു നൈനാൻ പറയുകനിമിത്തം അദ്ദേഹം റോമർ 9-ന്‍റെ സമീപ പശ്ചാത്തലവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ് എന്ന് വ്യക്തം. സമീപ പശ്ചാത്തലം, സമീപ പശ്ചാത്തലം എന്ന് അദ്ദേഹം വെറുതെ ഒരു ഭംഗിക്കായി പറഞ്ഞു പോകുന്നു എന്ന് മാത്രം (page 38).

റോമർ 9 നാം തുടർന്ന് വായിക്കുമ്പോൾ അവിടുത്തെയും വിഷയം നിത്യതയ്ക്കു വേണ്ടിയുള്ള വ്യക്തിപരമായ രക്ഷ തന്നെയാണ് എന്ന് സുവ്യക്തം.

റോമർ 9:1-3: “ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല. എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്‍റെ ചാർച്ചക്കാരായ എന്‍റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.”

  • ജഡപ്രകാരം തന്‍റെ ചാർച്ചക്കാരായവരുടെ വ്യക്തിപരമായ രക്ഷയെ കുറിച്ചുള്ള കാര്യമാണ് നാം ഇവിടെ കാണുന്നത്.

റോമർ 9:6-7: “ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിന്‍റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല…”

  • ജഡത്തിലുള്ള ഇസ്രായേലിലെ എല്ലാ വ്യക്തികളും ആത്മീക ഇസ്രായേൽ അല്ല എന്നാണു പൗലോസ് പ്രസ്താവിക്കുന്നത്. 

  • ദൈവത്തിന്‍റെ മക്കളാണ് ആത്മീയ ഇസ്രായേലിന്‍റെ അംഗങ്ങൾ എന്ന് പൗലോസ് പറയുന്നു. “അബ്രാഹാമിന്‍റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല.” ദൈവമക്കൾ ആവുക എന്നത് നിത്യതയോടു ബന്ധപ്പെടുന്ന രക്ഷയ്ക്കുള്ള കാര്യമാണ്. അത് വ്യക്തിപരമായ കാര്യവുമാണ്. 

  • ജഡപ്രകാരമുള്ള ഇസ്രായേലിലെ എല്ലാവരും ദൈവമക്കൾ അല്ല എന്നും അതിലെ ചില വ്യക്തികൾ മാത്രമാണ് ദൈവമക്കൾ എന്നും പൗലോസ് സ്ഥാപിക്കുന്നു. വിഷയം വ്യക്തിപരമായ രക്ഷ തന്നെ.

റോമർ 9:7-26 വരെയുള്ള വാക്യങ്ങൾ വിശദമായി പിന്നീട് വിവരിക്കുന്നതാണ്. 

റോമർ 9:27-29: “യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.  “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.”

  • ജഡപ്രകാരമുള്ള ഇസ്രായേലിൽ കടൽക്കരയിലെ മണൽപോലെ മനുഷ്യർ ഉണ്ടെങ്കിലും ഒരു ശേഷിപ്പ് മാത്രമേ രക്ഷിക്കപ്പെടുകയുള്ളു. ആ ശേഷിപ്പ് കർത്താവിന്‍റെ പ്രവർത്തിയാണെന്നും പൗലോസ് പറയുന്നു. ആ ശേഷിപ്പിനെക്കുറിച്ചു റോമർ 11:5-ലും പൗലോസ് പറയുന്നുണ്ട്: "അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു." ഈ കാലത്തിലും ഇസ്രായേലിൽ ഒരു ശേഷിപ്പ് രക്ഷിക്കപ്പെടുന്നുണ്ട്. അത് കർത്താവിന്‍റെ പ്രവർത്തിയാണ്. കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരമാണ് ആ ശേഷിപ്പ് എന്നും പൗലോസ് പ്രസ്താവിക്കുന്നു. 

  • കടൽക്കരയിലെ മണൽ പോലെയുള്ള ഒരു ജനതയിൽ നിന്നും രക്ഷയ്ക്കായുള്ള ഒരു ശേഷിപ്പിനെ വാർത്തുണ്ടാക്കിയ ആ തിരഞ്ഞെടുപ്പ് "നിത്യതയ്ക്കുവേണ്ടിയുള്ള രക്ഷയ്ക്കായുള്ള വ്യക്തിപരമായ" തിരഞ്ഞെടുപ്പല്ലാതെ വേറെ ഒന്നും അല്ല.

ആകയാൽ, റോമർ 9-ലെയും വിഷയം ഇതേ തിരഞ്ഞെടുപ്പ് തന്നെ.  റോമർ 8:28-39-ലെയും, റോമർ 11:5-ലെയും തിരഞ്ഞെടുപ്പ് തന്നെയാണ് റോമർ 9-ലെയും വിഷയം. 


  1. റോമർ 9:1-6: അദൃശ്യനായ ചോദ്യകർത്താവിന്‍റെ ചോദ്യങ്ങൾ


റോമർ 9:1-6: ജഡപ്രകാരം തന്‍റെ ചാർച്ചക്കാരായവരുടെ വ്യക്തിപരമായ രക്ഷയെ കുറിച്ചുള്ള കാര്യമാണ് നാം ഇവിടെ കാണുന്നത്. ജഡത്തിലുളള ഇസ്രായേല്യർ എല്ലാം ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്നതാണ് പൗലോസിന്‍റെ ദുഃഖത്തിനു കാരണം. എന്നാൽ, “ദൈവവചനം വൃഥാവായിപ്പോയി എന്നല്ല” എന്ന് പൗലോസ് അപ്പോസ്തലൻ പറയുന്നു. ജഡത്തിലുള്ള ഇസ്രായേൽ എല്ലാം രക്ഷിക്കപ്പെടാത്തതുകൊണ്ടു ദൈവവചനം വൃഥാവായിപ്പോയിട്ടില്ല എന്ന് പൗലോസ് പറയുന്നു. അങ്ങനെ എങ്കിൽ എന്തായിരിക്കും അദൃശ്യനായ ചോദ്യകർത്താവിന്‍റെ ചോദ്യം? ഭൗതികമായ ഇസ്രായേലിലെ (Physical Israel) അനേകർ രക്ഷിക്കപ്പെടാത്തതുകൊണ്ടു ദൈവവചനം വൃഥാവായിപ്പോയില്ലേ എന്നതാണ്  അദൃശ്യനായ ചോദ്യകർത്താവിന്‍റെ ചോദ്യം. ഭൗതികമായ ഇസ്രായേലിലെ എല്ലാവരും രക്ഷിക്കപ്പെടും എന്ന് ദൈവവചനം പറയുന്നു എന്നുള്ള അദൃശ്യനായ ചോദ്യകർത്താവിന്‍റെ തെറ്റിധാരണയാണ് ഈ ചോദ്യത്തിന് കാരണം എന്ന് മനസ്സിലാക്കാം. പൗലോസിന്‍റെ മറുപടിയിൽ നിന്നും അത് എത്രയോ വ്യക്തം. പൗലോസ് പറയുന്നു: "യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ" അല്ല. ഇസ്രായേലിലെ എല്ലാവരെയും രക്ഷിക്കപ്പെടുത്തുക എന്നുള്ളത് ദൈവത്തിന്‍റെ പദ്ധതിയേ ആയിരുന്നില്ല എന്നർത്ഥം. അതുകൊണ്ടു ഇസ്രായേലിലെ ചിലർ രക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് ദൈവവചനം വൃഥാവായിപ്പോവില്ല എന്ന് പൗലോസ് വാദിക്കുന്നു. പൗലോസ് തുടർന്നും ഈ കാര്യം വ്യക്തമാക്കുന്നു.

  • റോമർ 9:27-29: “യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്‍റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.  “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.”

  • റോമർ 11:4-5: “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.”

ഇസ്രായേൽ ജാതി ഉണ്ടായത് മുതൽ ലോകാവസാനം വരെയുള്ള എല്ലാ ഇസ്രായേലും രക്ഷിക്കപ്പെടും എന്ന് ദൈവം വാഗ്‌ദത്തം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ, ഇസ്രായേലിലെ ചിലർ വിശ്വസിക്കായ്കകൊണ്ടു ദൈവവചനം വൃഥാവായിപ്പോയില്ല എന്ന് പൗലോസ് വാദിക്കുന്നു. ഇസ്രായേലിൽ എത്ര പേര് ഉണ്ടായിരുന്നാലും ആരാണ് രക്ഷിക്കപ്പെടുക എന്ന് പൗലോസിന് നന്നായി അറിയാമായിരുന്നു: “ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ”; കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഉള്ള ഒരു ശേഷിപ്പ് (റോമർ 9:27-29; 11:5).


  1. റോമർ 9:6-13: പൗലോസിന്‍റെ പ്രധാന വാദം


റോമർ 9:6-13: ഇസ്രായേലിൽ നിന്നും ഉത്ഭവിച്ചവർ എല്ലാവരും ഇസ്രായേൽ അല്ല എന്നും അബ്രാഹാമിന്‍റെ സന്തതി ആകയാൽ മക്കൾ (ദൈവമക്കൾ) ആവുക ഇല്ലായെന്നും പൗലോസ് പ്രസ്താവിക്കുന്നു. 

അതിനു ആവശ്യമായ തിരഞ്ഞെടുപ്പിനെകുറിച്ചാണ് പൗലോസ് തുടർന്ന് വിവരിക്കുന്നത്.

പഴയ നിയമ ഉദ്ധരണികളെയും പഴയ നിയമത്തിലെ ചില വ്യക്തികളെയും പൗലോസ് തന്‍റെ വാദം സ്ഥാപിക്കുവാൻ ഉപയോഗിക്കുന്നു. പഴയ നിയമ ഉദ്ധരണികളെയും പഴയ നിയമ വ്യക്തികളെയും കാണുമ്പോൾ പൗലോസിന്‍റെ വാദത്തെ നാം മറക്കരുത്. പഴയ നിയമ ഉദ്ധരണികൾ പൗലോസ് തന്‍റെ വാദം സ്ഥാപിക്കുവാൻ ആണ് ഉപയോഗിക്കുന്നതെന്ന് നാം മനസ്സിലാക്കേണം. ഇതാണ് പൗലോസിന്‍റെ പ്രധാന വാദം: ഇസ്രായേലിലെ എല്ലാവരെയും രക്ഷിക്കപ്പെടുത്തുക എന്നുള്ളത് ദൈവത്തിന്‍റെ പദ്ധതിയേ ആയിരുന്നില്ല. അതുകൊണ്ടു ഇസ്രായേലിലെ ചിലർ രക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് ദൈവവചനം വൃഥാവായിപ്പോവില്ല. ഇസ്രായേലിൽ എത്ര പേര് ഉണ്ടായിരുന്നാലും “കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഉള്ള ഒരു ശേഷിപ്പ്” മാത്രമേ രക്ഷിക്കപ്പെടുകയുള്ളു.  (വ്യക്തിപരമായ രക്ഷയ്ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്  ഇത് എന്ന് എത്രയോ വ്യക്തം).

ഈ വാദം സ്ഥാപിക്കുവാൻ പൗലോസ് പഴയ നിയമ ഉദാഹരണങ്ങളെ ഉപയോഗിക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കുക, പഴയ നിയമ ഉദ്ധരണികളുടെയും, വ്യക്തികളുടെയും ഉദാഹരണത്തിൽ നിന്നും പൗലോസിന്‍റെ വാദത്തിനു ആവശ്യമായ കാര്യങ്ങൾ മാത്രമേ പൗലോസ് പറയുന്നുള്ളു. നാമും അതിന്‍റെ അപ്പുറത്തേക്ക് പോകരുത്. പൗലോസിന്റെ പ്രധാന വാദത്തിന്‍റെ അപ്പുറത്തേക്ക് നാം പോയാൽ നാം തെറ്റിപ്പോകും.

പൗലോസിന്‍റെ വാദത്തെ സ്ഥാപിക്കുവാൻ പൗലോസ് ഉപയോഗിക്കുന്ന പഴയ നിയമ വ്യക്തികൾ:

  1. യിസ്ഹാക്: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” (വാക്യം 7).

ഈ ഉദാഹരണത്തിൽ നിന്നും പൗലോസിന് ആവശ്യമുള്ള കാര്യം പൗലോസ് തന്നെ പറയുന്നുണ്ട്: "അതിന്‍റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്‍റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു." (വാക്യം 8). ജഡപ്രകാരം അബ്രാഹാമിന്‌ അനേകം മക്കൾ ഉണ്ടായിരുന്നു. എന്നാൽ വാഗ്ദത്തപ്രകാരം ജനിച്ച യിസ്ഹാക്കിൽ നിന്ന് ജനിച്ചവരെയാണ് സന്തതി എന്ന് വിളിച്ചത്. അതുപോലെ, അബ്രാഹാമിന്‍റെ സന്തതിയായ യിസ്ഹാക്കിന്‍റെ ജഡപ്രകാരമുള്ള സന്തതികൾ അല്ല ദൈവത്തിന്‍റെ മക്കൾ; വാഗ്ധാതപ്രകാരം ജനിച്ചവരെയാണ് ദൈവത്തിന്‍റെ മക്കൾ എന്ന് പറയുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും രക്ഷിക്കപ്പെടും (റോമർ 9:27, 28; 11:4, 5). എന്നാൽ ആ തിരഞ്ഞെടുപ്പ് ജഡപ്രകാരം ഉള്ളതല്ല എന്ന് പൗലോസ് വ്യക്തമാക്കുന്നു. അതുകൊണ്ടു ജഡപ്രകാരമുള്ള ഇസ്രായേലിന്റെ അകത്തു വാഗ്ധാതപ്രകാരം ജനിച്ചവർ ഉണ്ട്. അവരാണ് ദൈവത്തിന്റെ മക്കൾ. അവർ എല്ലാവരും രക്ഷിക്കപ്പെടും. അതുകൊണ്ടു ദൈവവചനം വൃഥാവല്ല. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും രക്ഷിക്കപ്പെടും (റോമർ 9:27, 28; 11:4, 5). അതുകൊണ്ടു ദൈവവചനം വൃഥാവല്ല.


ഈ തിരഞ്ഞെടുപ്പിന്‍റെ അടുത്ത സ്വഭാവത്തെ കുറിച്ച് പറയുവാൻ പൗലോസ് ഏശാവിന്‍റെയും യാക്കോബിന്‍റെയും ഉദാഹരണം ഉപയോഗിക്കുന്നു.


  1. ഏശാവ്, യാക്കോബ്:  

റോമർ 9:10-13: “അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.”


പൗലോസ് ഉപയോഗിച്ചിരിക്കുന്ന പഴയ നിയമ ഉദ്ധരണികളുടെ പശ്ചാത്തലം എന്തും ആയിക്കോട്ടെ, പൗലോസ് അത് ഉപയോഗിച്ചിരിക്കുന്നത് താൻ ഇതുവരെ പറഞ്ഞു വന്ന വാദത്തിനെ കൂടുതൽ ബലപ്പെടുത്തുവാനും, വിശദീകരിക്കുവാനും ആണ് എന്ന് പ്രേത്യേകം അറിഞ്ഞിരിക്കുക. പൗലോസ് ഇതുവരെ പറഞ്ഞുവന്ന വാദം രക്ഷയ്ക്കുവേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നു നാം കണ്ടുവല്ലോ. 

ഏശാവിന്‍റെയും യാക്കോബിന്‍റെയും ജീവിതത്തിൽ നിന്നും പൗലോസ് “രക്ഷയ്ക്ക് ആധാരമായിരിക്കുന്ന തിരഞ്ഞെടുപ്പിന്‍റെ” മറ്റൊരു പ്രത്യേകത അടിവരയിട്ടു പറയുന്നു: മനുഷ്യരുടെ രക്ഷയ്ക്ക് ആധാരമായിരിക്കുന്ന തിരഞ്ഞെടുപ്പ് മനുഷ്യർ ജനിക്കുന്നതിനു മുമ്പേ നടന്നുകഴിഞ്ഞു. (ലോകസ്ഥാപനത്തിനു മുമ്പേ; എഫെസ്യർ 1:4) അത് മനുഷ്യരുടെ പ്രവർത്തികൾ നിമിത്തമല്ല.  തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരുന്നു.


  1. റോമർ 9:14-18: ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ?


പൗലോസ് എന്താണ് പറഞ്ഞു വരുന്നതെന്ന് അദൃശ്യനായ ചോദ്യകർത്താവിനു നന്നായി മനസ്സിലായി. ചോദ്യകർത്താവിന്‍റെ അടുത്ത ചോദ്യങ്ങളിൽ നിന്നും അത് വ്യക്തമാണ്: ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ? പൗലോസ് പറഞ്ഞുവരുമ്പോൾ ദൈവത്തിന്‍റെ പക്കൽ അനീതി ഉള്ളതുപോലെ അദൃശ്യനായ സംവാദകന് തോന്നി. അതുകൊണ്ടാണ് ഈ ചോദ്യം. ഒരുവൻ ജനിക്കുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് നടത്തുന്നത് അനീതി അല്ലേ എന്നാണു ചോദ്യം? അല്ലേയല്ല എന്ന് പൗലോസ് പറയുന്നു. ദൈവത്തിന്‍റെ സർവാധികാരത്തെ ആധാരമാക്കിയാണ് പൗലോസ് അത് പറയുന്നത്:

റോമർ 9:14: “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.”

ദൈവത്തിന്റെ പക്കൽ അനീതി ഇല്ലേ എന്ന ചോദ്യത്തിനോടുള്ള പൗലോസിന്റെ പ്രതികരണം ശ്രദ്ധിക്കുക. പൗലോസ് താൻ പറഞ്ഞ കാര്യം തിരുത്തി പറയുകയല്ല ചെയ്യുന്നത്. പൗലോസ് പറഞ്ഞുവച്ച കാര്യങ്ങൾ വീണ്ടും അടിവരയിട്ടു പറയുന്നു.

റോമർ 9:16: “അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.”

വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പിന് കാരണം ദൈവമാണ്. ദൈവത്താലത്രേ സകലവും സാധിക്കുന്നത്. ദൈവം മാത്രം. നാം നമ്മുടെ സ്വതന്ത്ര ഇച്ഛ കൊണ്ട് എന്ത് തീരുമാനിക്കും എന്നൊന്നും മുൻകണ്ടിട്ടല്ല ദൈവം തിരഞ്ഞെടുപ്പ് നടത്തിയത് എന്ന് സ്പഷ്ടം.

റോമർ 9:18: “അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.”


  1. റോമർ 9:19-26: അവൻ (ദൈവം) പിന്നെ കുറ്റം പറയുന്നതു എന്തു?


പൗലോസ് പറഞ്ഞു വരുന്ന കാര്യവുമായി അദൃശ്യനായ ചോദ്യകർത്താവിനു പൊരുത്തപ്പെടുവാൻ കഴിയുന്നില്ല. അദ്ദേഹം വീണ്ടും ചോദിക്കുന്നു: “ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്‍റെ ഇഷ്ടത്തോടു എതിർത്തു നില്ക്കുന്നു” (വാക്യം 19). 

കാൽവിനിസം എന്ന ഉപദേശത്തിന് നേരെ അനേകായിരങ്ങൾ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയല്ലേ സഹോദരങ്ങളേ!  അദൃശ്യനായ ചോദ്യകർത്താവ് പൗലോസിനോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് ദൈവീക തിരഞ്ഞെടുപ്പ് എന്ന ബൈബിളീക ഉപദേശത്തിനെതിരായി ഇന്നും അനേകർ ചോദിക്കുന്നത്.  

പൗലോസ് എന്ത് മറുപടി പറഞ്ഞു എന്ന് നമുക്ക് ശ്രദ്ധിക്കാം.

റോമർ 9:20: “അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?”

  • മനുഷ്യരെ കുറിച്ചും ദൈവത്തെക്കുറിച്ചും ശെരിയായ ധാരണ ഉള്ളവർ ആരും ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുകയില്ല. ദൈവം കുശവൻ ആണ്. മനുഷ്യർ കളിമണ്ണാണു.

  • കുശവന്റെയും കളിമണ്ണിന്‍റെയും അധികാരങ്ങൾ ഒരുപോലെ അല്ല. ദൈവം സർവാധികാരി ആണ്. മനുഷ്യർ വെറും സൃഷ്ടി മാത്രം. 

  • മനുഷ്യർക്ക്‌ ചിന്തിക്കാവുന്നതിലും അപ്പുറം കാര്യങ്ങൾ ചെയ്യുവാൻ ദൈവത്തിനു സാധിക്കും. നാം അത് അംഗീകരിച്ചേ മതിയാകൂ. 

  • "നിത്യതയ്ക്കുവേണ്ടിയുള്ള വ്യക്തിപരമായ രക്ഷയ്ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്" ആ ഗണത്തിൽ വരുന്ന ഒരു കാര്യമാണ്. ദൈവം അത് തന്റെ വചനത്തിലൂടെ വ്യക്തമായി അരുളിച്ചെയ്യുന്നു. നാം അത് വിശ്വസിക്കുന്നു.


  1. റോമർ 9:27-29: ഒരു ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ


അദൃശ്യനായ ചോദ്യകർത്താവിന്‍റെ ദൈവത്തിനെതിരെയുള്ള യുക്തിപരമാണെന്നു തോന്നിക്കുന്ന ചോദ്യങ്ങൾക്കൊന്നും പൗലോസിന്‍റെ വാദത്തെയും ബോധ്യത്തെയും ഇല്ലാതാക്കുവാൻ കഴിഞ്ഞില്ല. പൗലോസ് വീണ്ടും താൻ പറയാൻ ശ്രമിച്ചത് ആവർത്തിക്കുന്നു.

റോമർ 9:27-29: “യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്‍റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.  “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.”

  • ഇസ്രായേലിലെ എല്ലാവരെയും രക്ഷിക്കപ്പെടുത്തുക എന്നുള്ളത് ദൈവത്തിന്‍റെ പദ്ധതിയേ ആയിരുന്നില്ല. 

  • അതുകൊണ്ടു ഇസ്രായേലിലെ ചിലർ രക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് ദൈവവചനം വൃഥാവായിപ്പോവില്ല. 

  • ഇസ്രായേലിൽ എത്ര പേര് ഉണ്ടായിരുന്നാലും “കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഉള്ള ഒരു ശേഷിപ്പ്” മാത്രമേ രക്ഷിക്കപ്പെടുകയുള്ളു (റോമർ 9:27-29; 11:5).

Comments

Popular posts from this blog

നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3