നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 2
കർത്താവിന്റെ വിളിയോട് സ്വാഭാവികമായി പ്രതികരിക്കുവാൻ മനുഷ്യർക്ക് കഴിയുമോ?
തീർച്ചയായും കഴിയും. അങ്ങനെ കഴിയുകയില്ല എന്ന് ആരും പറയുകയില്ല. എന്നാൽ നമ്മുടെ പ്രതികരണം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളിൽ അടിസ്ഥാനപ്പെട്ടായിരിക്കും എന്ന് മാത്രം. (Our choice is influenced by our nature). നമ്മുടെ സ്വഭാവത്തിനനുസൃതമായിരിക്കും നമ്മുടെ തീരുമാനവും.
എന്താണ് മനുഷ്യരുടെ പ്രകൃതി? തിരുവചനം എന്തുപറയുന്നു എന്ന് ശ്രദ്ധിക്കാം.
റോമർ 8:7-8: “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല. 8ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.”
1 കൊരിന്ത്യർ 2:14: “എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”
റോമർ 3:10-12, 18: “10നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 11ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.....18അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല”
ദൈവത്തെ വെറുക്കുന്ന ഒരു മനുഷ്യന് ദൈവത്തെ എങ്ങനെ സ്വീകരിക്കുവാൻ കഴിയും? സ്വാഭാവികമായി മനുഷ്യർ എല്ലാവരും ദൈവത്തെ വെറുക്കുന്നവർ ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ഒരു വ്യക്തിയുടെ അടുത്തേക്ക് സുവിശേഷവുമായി ചെന്നാൽ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതികരണം എന്തായിരിക്കും? അവർ സ്വാഭാവികമായി പ്രതികരിക്കും. ക്രിസ്തുവിനെ തള്ളിക്കളയും.
അവിടെയാണ് തിരഞ്ഞെടുക്കപ്പെട്ടവരിലുള്ള ദൈവത്തിന്റെ പ്രവർത്തിയെക്കുറിച്ചു ദൈവവചനം പഠിപ്പിക്കുന്നത്.
1 കൊരിന്ത്യർ 1:23, 24: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.”
സുവിശേഷം ആർക്കാണ് രക്ഷയ്ക്കായി ദൈവശക്തി ആകുന്നതു? വിളിക്കപ്പെട്ട ഏവർക്കും. ആന്തരികമായ വിളിയെക്കുറിച്ചാണ് നാം ഇവിടെ വായിക്കുന്നതും. എല്ലാവരും ഈ വിളി കേൾക്കുന്നില്ല. എങ്ങനെ അറിയാം അത്? എല്ലാവരും സുവിശേഷത്തിൽ വിശ്വസിക്കുന്നില്ല എന്നതുതന്നെ കാരണം. ഈ വിളി കേട്ടവർ എല്ലാവരും സുവിശേഷത്തിൽ വിശ്വസിച്ചിരിക്കും എന്ന് പൗലോസ് അപ്പോസ്തലൻ പഠിപ്പിക്കുന്നു. വിളിക്കപ്പെട്ട ഏവർക്കും അത് ദൈവശക്തിയാണ്. എന്നാൽ ചിലർക്ക് അത് ഇടർച്ചയാണ്, ഭോഷത്വമാണ് എന്നും പൗലോസ് പഠിപ്പിക്കുന്നു. കാരണം വ്യക്തം, അവർ വിളിക്കപ്പെട്ടിട്ടില്ല (ആന്തരികമായ വിളിയാണ് ഇവിടെത്തെ വിഷയം എന്നോർക്കുക).
ഒരു മനുഷ്യന്റെയും ഉള്ളിൽ ദൈവഭയം ഇല്ല എന്ന് നാം കണ്ടുവല്ലോ (റോമർ 3). അങ്ങനെ ഉള്ള മനുഷ്യർ സ്വമേധയാൽ ഒരു സുപ്രഭാതത്തിൽ ദൈവത്തിൽ വിശ്വസിക്കുന്നു, ദൈവത്തെ ഭയപ്പെടുന്നു എന്നൊക്കെയാണ് ജിനു നൈനാൻ എന്നിവരെപോലെയുള്ള വ്യക്തികൾ പഠിപ്പിക്കുന്നത്. എന്തൊരു അബദ്ധമാണത് എന്നോർക്കുക. ദൈവവചനം എന്ത് പഠിപ്പിക്കുന്നു?
യിരേമ്യാവു 32:39, 40: “അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും. ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.”
Comments
Post a Comment